മെല്‍ബണ്‍: 2015ലെ ഏകദിന ലോകകപ്പ് മത്സക്രമങ്ങള് ഐ.സി.സി പ്രഖ്യാപിച്ചു. പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെട്ട പൂള് ബിയിലാണ് നിലവിലെ ജേതാക്കളായ ഇന്ത്യ. ഫെബ്രുവരി പതിനഞ്ചിന് പാക്കിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഓസ്ടേലിയയിലേയും ന്യൂസിലാന്റിലെയും പതിനാല് വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
മെല്‍ബണില്‍ നടന്ന ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണാണ് മത്സരപട്ടികയും വേദികളും പ്രഖ്യാപിച്ചത്. രണ്ടു രാജ്യങ്ങളിലെ 14 വേദികളിലായാണ് 49 മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ അഡലൈഡ്, ബ്രിസ്ബന്‍, കാന്‍ബറ, ഹൊബാര്‍ട്ട്, മെല്‍ബണ്‍, പെര്‍ത്ത്, സിഡ്നി എന്നീ ഗ്രൗണ്ടുകളിലായി 26 മാച്ചുകളും ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ച്, ഓക്ക്ലന്റ്, ഡ്യൂനഡിന്‍. ഹാമില്ട്ടണ്, നേപിയര്‍, നെല്‍സണ്‍, വെല്ലിങ്ടണ്‍ എന്നിവിടങ്ങളിലായി 23 മത്സരങ്ങളും അരങ്ങേറും.
സിംബാബ്വെയ്ക്കും അയര്‍ലണ്ടിനും പുറമേ യോഗ്യതാ ടൂര്‍ണമെന്റില്‍ നാലാമത് എത്തുന്ന ടീമും പൂള് ബിയില്‍ വരും. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ്, ന്യൂസിലാന്റ് എന്നിവയാണ് പൂള് എയിലെ ടെസ്റ്റ് ടീമുകള്‍. ഫെബ്രുവരി പതിനാലിന് ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുന്ന ന്യൂസിലന്റ്-ശ്രീലങ്ക മത്സരത്തോടെ ലോകകപ്പ് തുടങ്ങും. അടുത്ത ദിവസമാണ് ഇന്ത്യ-പാക് പോരാട്ടം.
മുന്നിലെത്തുന്ന നാല് ടീമുകള്‍ കോട്ടര്ഫൈനലിലേക്ക് യോഗ്യത നേടും. സിഡ്നിയിലും ഓക്ലന്റിലുമായി സെമി ഫൈനലും മെല്‍ബണില്‍ ഫൈനലും നടക്കും. 1992ലാണ് ഓസ്ടേലിയയിലും ന്യൂസിലാന്റിലുമായി അവസാനം ലോകകപ്പ് നടന്നത്. അന്ന് മെല്‍ബണില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇമ്രാന്‍ഖാന്റെ പാക്കിസ്ഥാന് കിരീടം നേടി.
ഐ.സി.സി ചീഫ് എക്സിക്യുട്ടീവ് ഡേവിഡ് റിച്ചാര്ട്സണിന് പുറമേ ഡെനീസ് ലില്ലി, ഇയാന്‍ ചാപ്പല്‍, കപില്‍ ദേവ്, ഗില്‍ ക്രിസ്റ്റ് തുടങ്ങിയ ഇതിഹാസ താരങ്ങളും മത്സരക്രമം പ്രഖ്യാപിച്ച ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: