ന്യൂയോര്‍ക്ക്: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ പാക്കിസ്ഥാന് സന്ദര്‍ശനം മാറ്റിവച്ചത് സുരക്ഷാ കാരണങ്ങളാലെന്ന് റിപ്പോര്‍ട്ട്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച്ച ഇസ്ലാമബാദില്‍ എത്താനായിരുന്നു കെറിയുടെ തീരുമാനം. എന്നാല്‍ അദ്ദേഹത്തിന്റെ യാത്രാപദ്ധതി മാധ്യമങ്ങള്‍ക്ക് ലഭിച്ച സാഹചര്യത്തില്‍ തല്കാലം പാക് യാത്രവേണ്ടെന്ന നിലപാടിലേക്കു മാറുകയായിരുന്നു. ഇതു രണ്ടാംതവണയാണ് കെറിയുടെ പാക് പര്യടനം മാറ്റിവയ്ക്കുന്നത്.
ജൂണില്‍ പാക്കിസ്ഥാന് സന്ദര്‍ശിക്കാന്‍ കെറി പദ്ധതിയിട്ടിരുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായതിനെ തുടര്‍ന്ന് അന്ന് യാത്രയില്‍ നിന്ന് പിന്മാറേണ്ടിവന്നു.
കെറിയുടെ സന്ദര്‍ശനം സംബന്ധിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് ഓള്‍സനും തമ്മില്‍ വെള്ളിയാഴ്ച്ച കൂടിയാലോചന നടത്തിയിരുന്നു. കെറി അടുത്ത രണ്ടു ദിവസം പാക്കിസ്ഥാന് സന്ദര്‍ശിക്കുമെന്നാണ് ഇതിനുശേഷം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് പ്രസ്താവന തിരുത്തി വരുന്ന ദിവസങ്ങളില്‍ കെറി പാക്കിസ്ഥാനില്‍ എത്താന്‍ സാധ്യതയുണ്ടെന്നു മാറ്റി.
സുരക്ഷാ കാരണങ്ങളാല്‍ അമേരിക്കയുടെ അഭ്യര്‍ഥന പ്രകാരം കെറിയുടെ സന്ദര്‍ശനം താല്കാലികമായി ഒഴിവാക്കിയെന്ന് പ്രമുഖ പാക് നയതന്ത്ര ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. പുതിയ തിയതി ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഉടന്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷെരീഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം അമേരിക്കന്‍ ഭരണകൂടത്തിലെ പ്രമുഖരാരും പാക്കിസ്ഥാനില്‍ എത്തിട്ടില്ല. അതിനാല്‍ത്തന്നെ കെറിയുടെ സന്ദര്‍ശത്തിന് അതീവ പ്രാധാന്യം കല്പ്പിക്കപ്പെട്ടിരുന്നു. വസീരിസ്ഥാനിലെ യുഎസ് ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കെറിയുടെ പാക് പര്യടനത്തെ നയതന്ത്രലോകവും ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: