സ്റ്റോക്ഖോം: വനിതാ യൂറോകപ്പ് ജര്‍മ്മനിക്ക്. തുടര്‍ച്ചയായ ആറാം തവണയാണ് ജര്‍മ്മനി വനിതാ യൂറോകപ്പ് സ്വന്തമാക്കുന്നത്. സോള്‍നയിലെ ഫ്രണ്ട്സ് അരീനയില്‍ ഇന്നലെ നടന്ന ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് നോര്‍വേയെ കീഴടക്കിയാണ് ജര്‍മ്മനി യൂറോ കാപ്പില്‍ ഡബിള്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 49-ാം മിനിറ്റിലാണ് ജര്‍മ്മനി വിജയഗോള്‍ നേടിയത്. അത്യന്തം വാശിയേറിയ മത്സരത്തില്‍ അന്‍ജ മിറ്റാഗാണ് ജര്‍മ്മനിയുടെ ഏക ഗോള്‍ നേടിയത്. എന്നാല്‍ ഇരുപകുതികളിലുമായി ലഭിച്ച രണ്ട് പെനാല്‍റ്റി കിക്കുകള്‍ നഷ്ടപ്പെടുത്തിയതാണ് നോര്‍വേക്ക് തിരിച്ചടിയായത്. നോര്‍വേയുടെ ട്രിനി റോണിങ്ങിന്റെയും സോള്‍വിഗ് ഗുല്ബ്രാന്ഡ്സെന്നിന്റെയും പെനാല്‍റ്റി കിക്കുകള്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തിയ ജര്‍മ്മന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ നദിന്‍ ആന്ഗററുമാണ് മത്സരത്തിലെ ഹീറോ.
വനിതാ യൂറോ കപ്പിന്റെ ചരിത്രത്തില്‍ ഡബിള്‍ ഹാട്രിക്കടക്കം ജര്‍മ്മനിയുടെ എട്ടാം കിരീടനേട്ടമാണിത്. 1989, 1991, 1995, 1997, 2001, 2005, 2009, 2013 എന്നീ വര്‍ഷങ്ങളിലാണ് ജര്‍മ്മന്‍ വനിതകള്‍ യൂറോപ്പിലെ ചാമ്പ്യന്മാരായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: