ഹരാരെ: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ദുര്‍ബലരായ സിംബാബ്‌വെയെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ടീം ഇന്ത്യ തച്ചുടച്ചു. ഇത്തവണ ജയം ഏഴു വിക്കറ്റിന്. അങ്ങനെ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര കോഹ്‌ലിയുടെയും സംഘത്തിന്റെയും കൈപ്പിടിയില്‍. ആദ്യംബാറ്റ് ചെയ്ത ആതിഥേയരെ വെറും 183 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യയുടെ യുവനിര 87 പന്തുകള്‍ ബാക്കിവച്ചാണ് വിജയത്തിലേക്ക് കുതിച്ചത്. ക്യാപ്റ്റന്റെ കളി ഒരിക്കല്‍ക്കൂടി പുറത്തെടുത്ത വിരാട് കോഹ്‌ലി (68 നോട്ടൗട്ട്) സ്പിന്നര്‍ അമിത് മിശ്ര (4 വിക്കറ്റ്) എന്നിവര്‍ സിംബാബ്‌വെയുടെ പ്രതീക്ഷകളുടെ ചിറകരിഞ്ഞു. സ്കോര്‍: സിംബാബ്‌വെ-183 (46 ഓവര്‍). ഇന്ത്യ- 3ന് 187 (35.3).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനു നിയോഗിക്കപ്പെട്ട സിംബാബ്‌വെ ഒരിക്കല്‍പ്പോലും പച്ചതൊട്ടില്ല. വുസി സിബാന്‍ഡ (0), സിക്കന്തര്‍ റാസ (1) എന്നിവര്‍ നല്ല തുടക്കം കൊടുക്കുന്നതില്‍ പരാജയപ്പെട്ടു. സിബാന്‍ഡയെ വിനയ് കുമാറും റാസയെ മുഹമ്മദ് ഷാമിയും കൂടാരംകയറ്റി. എന്നാല്‍ ഹാമില്‍ട്ടണ്‍ മസകാഡ്സ (38) നായകന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ (23), സീന്‍ വില്യംസ് (45) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പ് വന്‍ തകര്‍ച്ച ഒഴിവാക്കി. മസകാഡ്സ അമിത് മിശ്രയെ നമിച്ചപ്പോള്‍ ടെയ്‌ലര്‍ ജയദേവ് ഉനാത്കതിനു വഴങ്ങിക്കൊടുത്തു. മാല്‍ക്കം വാള്‍ട്ടര്‍ (0), എല്‍ട്ടന്‍ ചിംഗുബുര (3), പ്രോസ്പര്‍ ഉത്സേയ (10) എന്നിവര്‍ കളിമറന്നതോടെ സിംബാബ്‌വെ പടുകുഴിയിലേക്ക്. ഒരറ്റത്തു പിടിച്ചു നിന്ന വില്യംസ് റണ്ണൗട്ടാകുമ്പോള്‍ സിംബാബ്‌വെയുടെ സ്കോറിങ് നിലച്ചു. അനായാസ ജയം തേടിയ ഇന്ത്യയ്‌ക്ക് രോഹിത് ശര്‍മ (14) തുടത്തില്‍ നഷ്ടപ്പെട്ടു. എന്നാല്‍ ശിഖര്‍ ധവാനു(35ാമായൊത്ത് കോഹ്ലി കളി മുന്നോട്ടുകൊണ്ടുപോയി. ഈസഖ്യം 40 റണ്‍സ് ചേര്‍ത്തു ഒടുവില്‍ ധവാനെ ടെയ്‌ലറുടെ ഗ്ലൗസില്‍ എത്തിച്ച മൈക്കല്‍ ചിനോയ സഖ്യം പൊളിച്ചു. തുടര്‍ന്ന് റായിഡവും കോഹ്‌ലിയും 64 റണ്‍സ് സ്വരുക്കൂട്ടി. 33 റണ്‍സെടുത്ത റായുഡുവിനെ ബ്രയാന്‍ വിറ്റോറി സ്വന്തംപന്തില്‍ പിടിച്ചെങ്കിലും കോഹ്‌ലിയും സുരേഷ് റെയ്നയും (28 നോട്ടൗട്ട്) ടീമിനെ വിജയത്തിലെത്തിച്ചു. നാലാം വിക്കറ്റില്‍ വെറും 32 പന്തില്‍ 56 റണ്‍സുകളാണ് ഈ ജോടി അടിച്ചെടുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: