മ്യൂണിച്ച്: ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഒടുവില്‍ കണക്കുതീര്‍ത്തു. കരുത്തരും നിതാന്ത വൈരികളുമായ ബയേണ്‍ മ്യൂണിച്ചിനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് തറപറ്റിച്ച് ഡോര്‍ട്ട്മുണ്ട് നഗരത്തിന്റെ പ്രതിനിധികള്‍ ജര്‍മ്മന്‍ സൂപ്പര്‍ കാപ്പില്‍ മുത്തമിട്ടു.
മാര്‍ക്കോ റൂസിന്റെ ഇരട്ടഗോളുകളാണ് ബൊറൂസിയയുടെ ജയത്തിലെ സവിശേഷത. ഇകായ് ഗണ്ഡോഗനും ചാമ്പ്യന്മാരുടെ സ്കോര്‍ഷീറ്റില്‍ ഇടംനേടി. ഡാനിയേല്‍ വാന്‍ ബയ്റ്റന്റെ സെല്‍ഫ് ഗോള്‍ ബൊറൂസിയയുടെ അക്കൗണ്ടിലെ മറ്റൊന്ന്. ബയേണിനുവേണ്ടി ആര്യന് റോബന് ഇരട്ടഗോളുകള്‍ കുറിച്ചെങ്കിലും കിരീടം ഉറപ്പിക്കാന്‍ അതു പോരായിരുന്നു. ബുണ്ടെസ് ലീഗയിലും ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും ബയേണില്‍ നിന്നേറ്റ തിരിച്ചടികള്‍ക്കുള്ള മധുര പ്രതികാരമായി ബൊറൂസിയയുടെ വിജയം.
എതിരാളിയുടെ തട്ടകത്തിലെ കളി ബയേണിന് സുഖകരമായിരുന്നില്ല. പ്രതിരോധ ഭടന്മാരുടെയും ഗോളി ടോം സ്റ്റാര്‍ക്കിന്റെയും പിഴവുകള്‍ പെപ്പ് ഗാര്‍ഡിയോളയുടെ ടീമിനെ വേട്ടയാടി. ആറാം മിനിറ്റില്‍ മാര്‍ക്കോ റൂസിന്റെ ഗോള്‍ ബയേണിന് അപ്രതീക്ഷിതമായ ആഘാതമാണ് സമ്മാനിച്ചത്. സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ ക്രോസില്‍ വെന്‍ ബെന്‍ഡര്‍ തൊടുത്ത ഹെഡ്ഡര്‍ സ്റ്റാര്‍ക് ദുര്‍ബലമായി സേവ് ചെയ്തപ്പോല്‍ അതു മുതലെടുത്ത റൂസ് വലയിലേക്ക് പന്ത് ചെത്തിയിട്ടു (1-0).
തുടര്‍ന്ന് താളംകണ്ടെത്തിയ ബയേണ്‍ എതിര് ഗോള്‍ മുഖത്ത് അപായമണി മുഴക്കി. പക്ഷേ ഗോള്‍ വന്നില്ല. ബൊറൂസിയയും ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരങ്ങള്‍ തുറന്നെടുത്തു. എന്നാല്‍ ലെവന്‍ഡോവ്സ്കിയുടെ ഗോള്‍ ശ്രമം ഓഫ് സൈഡില്‍ കലാശിച്ചതടക്കം നിര്‍ഭാഗ്യം അവരെ പിന്തുടര്ന്നു. രണ്ടാം പകുതിയില്‍ റോബനിലൂടെ ബയേണ്‍ ഒരു ഗോള്‍ മടക്കി, ഫിലിപ്പ് ലാമിന്റെ ക്രോസ് റോബന്റെ (54-ാം മിനിറ്റ്) ഹെഡ്ഡര്‍ ലക്ഷ്യത്തിലേക്ക് പറന്നിറങ്ങി (1-1). രണ്ടു മിനിറ്റുകള്‍ക്കുശേഷം ഉശിരനൊരു കൗണ്ടര്‍ അറ്റാക്കിലൂടെ ബൊറൂസിയ വീണ്ടും മുന്നില്‍ക്കയറി. ഗണ്‍ഡോഗന്റെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ബയ്റ്റന്റെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിച്ചു (2-1). പിന്നാലെ ഗണ്‍ഡോഗന്റെ വളഞ്ഞൊരു കിക്ക് പ്രതിരോധത്തെ പിളര്‍ന്ന് ബയേണിന്റെ നെഞ്ചുതകര്‍ത്തു (3-1). 64-ാം മിനിറ്റില്‍ റോബന് ഒരു ഗോള്‍കൂടി മടക്കിയെങ്കിലും റൂസ് (84) ബയേണിന്റെ ശവപ്പെട്ടിയിലെ അവസാന ആണി അടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: