മരട്: ക്ഷേത്രഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറിയതായി കണ്ടെത്തിയെങ്കിലും ഒഴിപ്പിക്കാന്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. കൊച്ചി ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ഉദയത്തുംവാതില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മുപ്പത്തഞ്ച് സെന്റോളം ഭൂമിയാണ് ചിലര്‍ കൈവശപ്പെടുത്തിയത്. നാട്ടുകാരുടെ നിരന്തര ഇടപെടലുകളും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ ഭൂമി ഒമ്പതുപേര്‍ ചേര്‍ന്ന് കൈയേറിയതായും ഒഴിപ്പിക്കാന്‍ തഹസില്‍ദാര്‍ ഉത്തരവിറക്കിയതും.
ഭൂമി കയ്യേറ്റത്തിനെതിരെ ഹിന്ദുസംഘടനാ പ്രവര്‍ത്തകരും ഭക്തജനങ്ങളും ദേവസ്വം ഓംബുഡ്സ്മാന് പരാതി നല്‍കുകയായിരുന്നു. ഓംബുഡ്സ്മാന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചി ദേവസ്വംബോര്‍ഡ് സ്പെഷ്യല്‍ തഹസില്‍ദാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റം കണ്ടെത്തുകയായിരുന്നു. ദേവസ്വം തനത് രജിസ്റ്റര്‍ പ്രകാരം 1.57 ഏക്കറാണ് ഉദയത്തുംവാതില്‍ ശ്രീകൃഷ്ണക്ഷേത്രത്തിന്റേതായി ഭൂമി രേഖകളില്‍ കാണുന്നത്. ക്ഷേത്രഭൂമി 1972ല്‍ കൊച്ചിന് ദേവസ്വംബോര്‍ഡില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവ പരിശോധിച്ചശേഷം ഭൂമി അളന്നുതിട്ടപ്പെടുത്തിയപ്പോള്‍ ഒമ്പത് കയ്യേറ്റങ്ങള്‍ നടന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് ദേവസ്വം സ്പെഷ്യല്‍ തഹസില്‍ദാര്‍ ഉത്തരവില്‍ പറയുന്നു.
പ്രത്യേക സര്‍വെ പ്രകാരം കയ്യേറ്റങ്ങള്‍ കണ്ടെത്തി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇവരുടെ പക്കലുള്ളത് ക്ഷേത്രഭൂമിയാണെന്ന് സ്പെഷ്യല്‍ തഹസില്‍ദാര്‍ ഉത്തരവിറക്കിയിരുന്നു. 15 ദിവസത്തിനകം ക്ഷേത്രഭൂമി കയ്യേറ്റം ഒഴിയണമെന്നും കഴിഞ്ഞമാസം 21ന് പുറപ്പെടുവിച്ച ഉത്തരവില്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ പി.ലതികയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. കയ്യേറ്റക്കാര്‍ ഭൂമി വിട്ട് നല്കുവാന് തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രത്യേക അധികാരം ഉപയോഗിച്ച് ഭൂമി തിരിച്ചുപിടിക്കുവാനുള്ള നിര്‍ദ്ദേശമാണ് അട്ടിമറിക്കപ്പെടുന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: