ആലുവ: കെഎസ്ആര്‍ടിസി ആലുവ ഡിപ്പോയില്‍ നിന്ന് 40 മുതല്‍ 50 സര്‍വീസുകള്‍ വരെ നിത്യേന വെടിക്കുറക്കുന്നു. റോഡ് തകര്‍ച്ച മൂലം ബസ്സുകള്‍ കൃത്യമായി ഓടിയെത്താന്‍ കഴിയാത്തതാണ് കാരണം.
ദേശീയ പാതയ്ക്ക് പുറമെ മറ്റ് പ്രധാന റോഡുകളായ ആലുവ-പറവൂര്‍, ആലുവ-പെരുമ്പാവൂര്‍ തുടങ്ങിയ റോഡുകളിലൂടെയാണ് കൂടുതല്‍ സര്‍വീസുകളും നടത്തുന്നത്. മറ്റ് റോഡുകളിലൂടെയും നിരവധി സര്‍വീസുകളുണ്ട്. എല്ലാ റോഡുകളും പാടെ തകര്‍ന്നിരിക്കുകയാണ്. പലപ്പോഴും ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒന്നിലധികം ബസുകള്‍ അടുത്തടുത്തായി ഓടുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. കുഴികളിലും മറ്റും ചാടുന്നതുമൂലം ബസുകള്‍ക്ക് കേടുപാടുകളും സംഭവിക്കുന്നു. ഇന്ന് നഷ്ടവും വര്‍ധിപ്പിച്ചു.
ഇതുമൂലം തകര്‍ന്ന റോഡിലൂടെ സര്‍വീസ് നടത്താന്‍ ജീവനക്കാരും മടിക്കുകയാണ്. 102 ജനറല്‍ സര്‍വീസുകളും 150 ജനറം സര്‍വീസുകളുമാണ് ആലുവായില്‍ നിന്നുള്ളത്. ജീവനക്കാരുടെ കുറവും ഡിപ്പോയെ അലട്ടുന്നു. 22 ഡ്രൈവര്‍മാരുടെയും 40 കണ്ടക്ടര്‍മാരുടേയും കുറവ് നിലവിലുണ്ട്. ഇതിന്റെ പേരിലും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാറുണ്ട്. ഇത് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് ഇട നല്കുന്നു. കുറച്ചു ദിവസം മുമ്പ് ഇത്തരത്തില്‍ ചേര്‍ത്തല ട്രിപ്പ് റദ്ദ് ചെയ്തത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. രാത്രി എട്ടോടെയാണ് ട്രിപ്പ് റദ്ദാക്കിയത്. ഇതോടെ നിരവധിയാളുകള്‍ സ്റ്റാന്റില്‍ കുടുങ്ങി. യാത്രക്കാര്‍ മറ്റ് ബസുകളും തടഞ്ഞതിനെത്തുടര്‍ന്ന് പിന്നീട് 8.45 ഓടെ ചേര്‍ത്തല ബസ് ഓടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് ബസുകളുടെ കുറവും ആലുവയിലുണ്ട്. 91 ജനറല്‍ ബസ്സുകള്‍ വേണ്ടിടത്ത് 89 എണ്ണമാണ് ഉള്ളത്. ജനറം ബസുകളും കുറവുണ്ട്. പ്രതിസന്ധികള്‍ ഡിപ്പോയുടെ സാമ്പത്തിക നേട്ടത്തെയും സാരമായി ബാധിച്ചു. ലക്ഷത്തോളം രൂപയുടെ കുറവാണ് നിത്യേന ഉണ്ടാകുന്നത്. എട്ടുലക്ഷത്തോളം രൂപയായിരുന്നു നേരത്തെ ഡിപ്പോയുടെ ശരാശരി ദിവസ വരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: