കൊല്ലം: സോളാര്‍ തട്ടിപ്പുസംബന്ധിച്ച് പ്രതിപക്ഷം നടത്തുന്ന സമാരാഭാസം ജനം തിരിച്ചറിയണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍. കരുമാലില്‍ സുകുമാരന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണസമ്മേളനം കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
374 കോടി വെട്ടിപ്പുനടത്തിയ കേസില്‍ ഇരുമ്പഴിക്കുള്ളില്‍ കയറേണ്ടിവരുന്ന ലാവലിന്‍ കേസിലെ പ്രതിയും സ്വന്തം മകനെ ചട്ടം ലംഘിച്ച് അധികാരകസേരയില്‍ തിരുകികയറ്റിയതിനും ബന്ധുവിന് സര്‍ക്കാര്‍ഭൂമി പതിച്ചുനല്‍കിയതിനും കേസുനടത്തുന്ന സഖാവും സരിതയോടൊപ്പം ആദ്യഘട്ടത്തില്‍ അങ്കിളായിയെത്തിയ പ്രമുഖ സഖാവിനുമൊക്കെ ഏതോ ഒരു തട്ടിപ്പുകാരി അയച്ച എസ്‌എംഎസിന്റെ പേരില്‍ ഗവണ്‍മെന്റിനെ താഴെയിറക്കാനാകില്ല. പ്രതിപക്ഷം എത്ര അഴിഞ്ഞാടിയാലും ബാക്കിയുള്ള മൂന്നു വര്‍ഷവും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും. വരുന്നലോകസഭാ തിരഞ്ഞെടുപ്പില്‍ ജനാധിപത്യരീതിയില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അവകാശമുണ്ട്. എന്നാല്‍ ജനങ്ങളുടെ വോട്ടുവാങ്ങി ഭൂരിപക്ഷത്തോട് ഭരണംനടത്തുന്ന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തിനാകില്ലെന്നും ഹസന്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ഡോ.പ്രതാപവര്‍മ്മതമ്പാന്‍ അധ്യക്ഷനായി.മേയര്‍ പ്രസന്ന ഏണസ്റ്റ് മുഖ്യപ്രഭാഷണം നടത്തി. പീതാംബരക്കുറുപ്പ് എംപി, അഡ്വ.എ.ഷാനവാസ്ഖാന്‍, സത്യശീലന്‍, പ്രൊഫ മേരിദാസന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.
അഡ്വ പി ജര്‍മ്മിയാസ് സ്വാഗതവും അഡ്വ ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: