സാന്റിയാഗോ: സ്പെയിനില്‍ 78 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തില്‍ ട്രെയിന്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്താന്‍ സാധ്യത. പോലീസ് കസ്റ്റഡിയിലുള്ള ഡ്രൈവര്‍ ഫാന്സിസ്ക്കോ ജോസ് ഗരോണ്‍ അമോയെ ഉടന്‍ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കും. അമോയുടെ അശ്രദ്ധയാണ് ഇത്ര വലിയ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വളവില്‍ അമിത വേഗത്തില്‍ ട്രെയിന്‍ ഓടിച്ചതാണ് അപകടകാരണമെന്നാണ് കരുതുന്നത്. അപകടം നടക്കുമ്പോള്‍ അനുവദിച്ചതിലും ഇരട്ടി വേഗത്തിലാണ് ട്രെയിന്‍ ഓടിയിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. വളവില്‍ ട്രാക്കില്‍ നിന്ന് തെന്നിമാറിയാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. ഇതിനിടെ ഡീസല്‍ ചോര്‍ന്ന് ട്രെയിനിന് തീ പടിക്കുകയും ചെയ്തു.
നൂറ്റമ്പതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. അപകടത്തില്‍ തലക്ക് പരിക്കേറ്റ ഗരോണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത ഉടന്‍ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് സാന്റിയാഗോയിലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലിനോട് ഗരോണ്‍ സഹകരിക്കുന്നില്ല. ട്രെയിന്‍ അപകടം അട്ടിമറിയാണോ എന്ന ആശങ്കയും നില നില്‍ക്കുന്നുണ്ട്.
ആശുപത്രിയില്‍ കഴിയുന്ന 130 പേരില്‍ 30 പേരുടെ നില അതീവ ഗുരുതരമാണ്. ട്രെയിനിന്റെ ബ്ലാക്ക് ബോക്സ് വിവരങ്ങള്‍ കോടതിയുടെ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: