ന്യൂദല്‍ഹി: പാര്‍ലമെന്റിനു സമീപം ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ യുവാവ് മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പുലര്‍ച്ചെ രണ്ടു മണിയോടെ ദല്‍ഹിയിലെ വിന്‍സര്‍ പ്ളേസിലായിരുന്നു സംഭവം. അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ തടയാന്‍ ശ്രമിച്ച പോലീസിനു നേര്‍ക്ക് യുവാക്കള്‍ കല്ലെറിഞ്ഞതോടെ പോലീസ് വെടിവയ്ക്കുകയായിരുന്നു.
കരണ്‍ പാണ്ഡെ എന്ന യുവാവാണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന പുനീത് ശര്‍മ്മയെ പരിക്കുകളോടെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനീത് മദ്യപിച്ചിരുന്നതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
മൂന്നു പേലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിന്‍സര്‍ ലൈനില്‍ മുപ്പതോളം പേരടങ്ങുന്ന സംഘം ബൈക്കുകളില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തുന്നതായി അറിഞ്ഞെത്തിയ പൊലീസിന്റെ പട്രോളിംഗ് സംഘവുമായി ബൈക്കിലുണ്ടായിരുന്നവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
തുടര്‍ന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നതിനായി ആകാശത്തേക്ക് വെടിയുതിര്‍ത്തു. പിന്മാറാതായപ്പോള് മോട്ടോര്‍ സൈക്കിളിന്റെ ടയറിലേക്കാണ് പോലീസ് വെടിവച്ചത്. എന്നാല്‍ ഇതിനിടയില്‍ യുവാക്കളിലൊരാള്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: