കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണ നിയമത്തിന് വിധേയമായി മത്സ്യബന്ധനവും വിപണനവും നടത്താനുള്ള മത്സ്യതൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും സ്വാതന്ത്യം കടലിലും കരയിലും നിയന്ത്രിക്കാന്‍ ഒരു സംഘടനകളേയും സര്‍ക്കാര്‍ അനുവദിക്കരുതെന്നും തീരദേശത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഏത് നീക്കത്തെയും കര്‍ശനമായി നേരിടണമെന്നും മത്സ്യപ്രവര്‍ത്തകസംഘം കൊല്ലം ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. തീരദേശത്തുണ്ടായിട്ടുള്ള മതസംഘട്ടനത്തിന് പിന്നില്‍ മതേതരത്തിന്റെ വക്താക്കളായി അഭിനയിക്കുന്ന ചില രാഷ്‌ട്രീയ പാര്‍ട്ടികളും ബന്ധപ്പെട്ട ട്രേഡ് യൂണിയനുകളും ആണെന്ന് കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ടെന്നും യോഗം സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.
1988 മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധന നിയമം നിലവിലുണ്ടെങ്കിലും നീണ്ടകര ഹാര്‍ബറില്‍ മത്സ്യവിപണനം നടപ്പിലാക്കാന്‍ കഴിഞ്ഞത് 25 വര്‍ഷത്തിനുശേഷമാണ്. ചില ഭീഷണികളുടെ മുമ്പില്‍ കഴിഞ്ഞ കാല സര്‍ക്കാരുകള്‍ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ച ഫിഷറീസ്മന്ത്രിയും തൊഴില്‍മന്ത്രിയും ജില്ലാ കളക്ടറും സമാധാനപരമായി ചര്‍ച്ച ചെയ്തതുകൊണ്ടു മാത്രമാണ് വിഷയം പരിഹരിക്കപ്പെട്ടതെന്ന് യോഗം വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ എടുത്ത ധീരമായ നടപടിയെ ജില്ലാ പ്രസിഡന്റ് പി. പങ്കജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം അഭിനന്ദിച്ചു.
യോഗത്തില്‍ സംഘടനാ പ്രചാരക് പ്രദീപ്, ജില്ലാ സെക്രട്ടറി എസ്. രാജു പരിമണം, ധരണീന്ദന്‍, നന്ദകുമാര്‍, പത്മകുമാര്‍, പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. ട്രോളിംഗ് നിരോധന കാലത്ത് മത്സ്യതൊഴിലാളികള്‍ക്ക് സഹായമാവേണ്ട മത്സ്യതൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി തുക തക്ക സമയത്ത് കൊടുക്കാതെയും മത്സ്യതൊഴിലാളികളെ അങ്ങോട്ടും, ഇങ്ങോട്ടും നടത്തി വലയ്‌ക്കുന്ന നടപടിക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ആഗസ്റ്റ് 15ന് ഫിഷറീസിന്റെ ഓഫീസുകള്‍ ഉപരോധിക്കുമെന്ന് മത്സ്യപ്രവര്‍ത്തകസംഘം മുന്നറിയിപ്പു നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: