എഴുകോണ്‍: കരിപ്ര നെടുമണ്‍കാവില്‍ സിപിഎം ഗുണ്ടാസംഘം പോലീസ് സാന്നിദ്ധ്യത്തില്‍ നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകനെ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രില്‍ പ്രവേശിപ്പിച്ചു. പ്ലാക്കോട് ഇലയം നിഗില്‍ ഭവനത്തില്‍ നിഥിന്രാജി (25) നാണ് വെട്ടേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം. നിഥിനും രണ്ട് പ്രവര്‍ത്തകരും കൂടി പോലീസ് സാന്നിദ്ധ്യത്തില്‍ നെടുമണ്‍കാവ് ജംഗ്ഷനില്‍ ഹര്‍ത്താലിന്റെ ഭാഗമായി കടകളടപ്പിക്കുന്നതിനിടയില് ഇവിടെ തമ്പടിച്ചിരുന്ന സിപിഎം ഗുണ്ടാസംഘം വാളുകളുമായി ചാടിവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുന്നതിനിടയില്‍ നിഥിനെ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. വെട്ടേറ്റ് നിഥിന്റെ മൂന്നു കൈവിരലുകള്‍ അറ്റു. അക്രമത്തിന് മൂകസാക്ഷിയായി നിന്ന പോലീസ് സിപിഎമ്മിന് ഒത്താശ ചെയ്യുകയാണെന്ന ആരോപണം ഇതോടെ ശക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആര്‍എസ്എസ് നെടുമണ്‍കാവ് മണ്ഡല് കാര്യവാഹകിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതും സിപിഎം ഗുണ്ടാസംഘമാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവകാര്‍ ഉള്‍പ്പെടെ ദൃക്സാക്ഷികള്‍ പോലീസിനോട് വ്യക്തമാക്കിയിട്ടും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. പട്ടാപ്പകല്‍ നടന്ന അക്രമത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മണ്ഡല് കാര്യവാഹകിന് നേരെ നടന്ന വധശ്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞു കിടന്നു. പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനവും നടത്തി.
എഴുകോണിലും കരിപ്രയിലും ഗുണ്ടകളെ ഉപയോഗിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇല്ലായ്മചെയ്യാനുള്ള സിപിഎം നീക്കം ഗുരുതരമായ പ്രത്യാഘാതത്തിന് വഴിവെക്കുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന് പറഞ്ഞു. സിപിഎം നേതൃത്വം ഇടപെട്ട് അണികളോട് ആയുധം താഴെ വയ്ക്കാന്‍ ആവശ്യപ്പെടണം. എഴുകോണില്‍ പാര്‍ട്ടി ഓഫീസ് ആക്രമിച്ചതിന് തൊട്ട് പിന്നാലെ ആര്‍എസ്എസ് നേതാവിനെയും മറ്റൊരു പ്രവര്‍ത്തകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും പോലീസ് നിസംഗത പാലിക്കുന്നത് നാട്ടിലെ ക്രമസമാധാനം തകരാന്‍ കാരണമാകുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും സോമന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വെട്ടേറ്റു മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സുമേഷ് അപകടനില തരണം ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: