ആദരവിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഗുരുപൂജ. ഗുരുവിന് ശിഷ്യ നല്കുന്ന മഹത്തായ ആദരം. പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകനായിരുന്ന വെമ്പട്ടി ചിന്നസത്യത്തിന്റെ അരുമശിഷ്യക്ക് ഇതല്ലാതെ ഗുരുവിന് മറ്റൊന്നും സമര്പ്പിക്കാനുണ്ടാകില്ല. ഒരു പ്രാര്‍ത്ഥന പോലെ ആ കടമ നിറവേറ്റുകയാണ് കുച്ചിപ്പുടി നര്‍ത്തകിയും അദ്ധ്യാപികയുമായ അനുപമ മോഹന്‍. എട്ടു വയസ്സുമുതല്‍ ഗുരുവില്‍ നിന്ന് ലഭിച്ച നൃത്തച്ചുവടുകള്‍ കോര്‍ത്തിണക്കി അദ്ദേഹത്തിന് തന്നെ സമര്‍പ്പിക്കുകയാണ് ഈ ശിഷ്യ. വെമ്പട്ടി ചിന്നസത്യം എന്ന അതുല്യ പ്രതിഭയുടെ ശിഷ്യയാകാന്‍ സാധിച്ചതിന്റെ ഭാഗ്യത്തെ നിറകണ്ണുകളോടെയാണ് അവര്‍ സ്മരിക്കുന്നത്.
വെമ്പട്ടി ചിന്നസത്യത്തിന്റെ ആദ്യ ചരമവാര്‍ഷികമാണ് ഈ മാസം 29ന്. ഗുരുവിനെ നേരില്‍ കൊണ്ടുവന്ന് ആദരിക്കണമെന്നായിരുന്നു ആഗ്രഹം. അദ്ദേഹത്തിന്റെ അസുഖം തടസ്സമായി. എട്ട് വയസ്സില്‍ ആന്ധ്രയിലെ നെല്ലൂരില്‍ നിന്ന് വെമ്പട്ടി ചിന്നസത്യത്തിന്റെ ഗുരുകുലത്തില്‍ എത്തുമ്പോള്‍ ജനങ്ങള്‍ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന നൃത്ത കലാകാരിയായി താന്‍ മാറുമെന്ന് അനുപമ കരുതിയില്ല. സ്വന്തം മകളെപ്പോലെയാണ് അദ്ദേഹം കരുതിയിരുന്നതെന്ന് അനുപമ. വിവാഹം കഴിയുന്നതുവരെ ഗുരുവിനൊപ്പം താമസിച്ച് പഠിക്കുവാനുള്ള ഭാഗ്യവും അനുപമയ്ക്കുണ്ടായി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗം താങ്ങാവുന്നതിലും വലുതായിരുന്നു. ഹിന്ദിയും തമിഴും അടക്കം വിവിധ ഭാഷകളിലെ നായികാ നായകന്മാര്ക്ക് ചുവടുകള്‍ പഠിപ്പിച്ചിരുന്നു വെമ്പട്ടി ചിന്നസത്യം, ഒരു പക്ഷെ അദ്ദേഹത്തിന് ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു ആദരവ് ലഭിക്കുക.
നാല് ദിവസം നീണ്ടു നില്ക്കുന്ന പരിപാടികളാണ് അനുപമ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ആ ഗുരുപൂജക്ക് തുടക്കംകുറിക്കും. ഈ ശൈലിയില്‍ ഗുരുപൂജ നടത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതാണ് ഞാന്‍ ഗുരുവിന് വേണ്ടി ചെയ്യേണ്ടത് ഇത് മാത്രമാണെന്നായിരുന്നു അനുപമയുടെ മറുപടി. കുച്ചുപ്പുടി മാത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ മറ്റ് നൃത്തരൂപങ്ങള്‍ ഗുരുപൂജയില്‍ ഉള്‍പ്പെടുത്തി എന്നതിനും ഉത്തരം നിസാരം. എല്ലാത്തിനേയും ഒരുപോലെ കാണണമെന്നാണ് ഗുരു പഠിപ്പിച്ചത്.
യുവതലമുറയ്ക്ക് നൃത്തത്തെക്കുറിച്ച് തെറ്റായധാരണയുണ്ടെന്ന അഭിപ്രായക്കാരിയാണ് അനുപമ. നൃത്തം ഒരു പ്രൊഫഷനാക്കണമെന്ന് ആഗ്രഹിക്കുന്ന കുട്ടികളും തന്റെ ശിഷ്യ ഗണത്തിലുണ്ട്. കുച്ചിപ്പുടിക്ക് മലയാളം കൃതികള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും തെലുങ്കോ, സംസ്കൃതമോ ഉപയോഗിക്കണമെന്നും അനുപമക്ക് അഭിപ്രായമുണ്ട്.
പഴയകാല സംവിധായകന് മോഹന്റെ ഭാര്യയാണ് അനുപമ. മൂന്ന് മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇനിയൊരു മടങ്ങിവരവില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 14 വര്‍ഷമായി കൊച്ചിയില്‍ സത്യാഞ്ജലി എന്ന പേരില്‍ കുച്ചുപ്പുടി നൃത്തവിദ്യാലയം നടത്തി വരികയാണ്. സംസ്ഥാന കലോത്സവങ്ങളില്‍ ജഡ്ജായി എത്താറുള്ള അനുപമ കുച്ചിപ്പുടിയെക്കുറിച്ച് മലയാളികള്‍ക്കുള്ള ധാരണകള്‍ തെറ്റാണെന്ന് വാദിച്ചിരുന്നു.
കുച്ചിപ്പുടിയുടെ യഥാര്‍ത്ഥ ശൈലി ഒരു പക്ഷെ കേരളത്തിലെ കലോത്സവങ്ങളില്‍ അവതരിപ്പിച്ചതും അനുപമയുടെ ശിഷ്യര്‍ തന്നെയാണ്. കുച്ചിപ്പുടി ബാലെ രൂപത്തിലാക്കിക്കൊണ്ടുള്ള ഒരു സ്വപ്ന സാക്ഷാത്കാരത്തിനായി കാത്തിരിക്കുകയാണ് ഈ കലാകാരി.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: