ഒരു ഫൈബര്‍ ദണ്ഡുകൊണ്ട് ഉയരങ്ങളും ആരാധക ഹൃദയങ്ങളും കീഴടക്കിയ റഷ്യന്‍ പോള്‍വാള്‍ട്ട് ഇതിഹാസം യെലേന ഇസിന്‍ബയേവ കരിയറിനോട് വിട പറയുന്നു. ലേഡി ബുബ്കയെന്ന വിളിപ്പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ നേട്ടങ്ങളുടെ കൊടുമുടികള്‍ കീഴടക്കിയാണ് ആധുനിക അത്ലിറ്റിക്സ് ലോകത്തെ ഈ സൂപ്പര്‍ താരം മടങ്ങുന്നത്. ആഗസ്റ്റില്‍ സ്വന്തം നാട് വേദിയാകുന്ന ലോക ചാമ്പ്യന്‍ഷിപ്പോടെ വിരമിക്കുമെന്ന് ഇസിന് പ്രഖ്യാപിച്ചിരിക്കുന്നു. “ലോക ചാമ്പ്യന്‍ഷിപ്പില്‍ എന്റെ മത്സരം ഉയരത്തോട് മാത്രമല്ല എന്നോട് കൂടിയായിരിക്കും” അവരുടെ ഈ വാക്കുകളില്‍ കരിയറിലെ അവസാന മത്സരത്തിലും മികച്ച പ്രകടനം കുറിക്കാനാവുമെന്ന ദൃഢ നിശ്ചയം ഉയര്‍ന്നു നില്ക്കുന്നു.
ഐതിഹാസികമായ കായിക ജീവിതത്തിലെ കന്നി വിജയം ഇസിന് കൊത്തിയെടുത്തത് മോസ്ക്കോയിലെ ലൂഷിനികി ഏരിയായില്‍ ആയിരുന്നു. ആ വേദിയില്‍ വച്ചു തന്നെ സ്വര്‍ണ നേട്ടത്തോടെ വിരമിക്കാന്‍ താരം ആഗ്രഹിച്ചതില്‍ അതിശയിക്കാനൊന്നുമില്ല.
പുരുഷ പോള്‍വാള്‍ട്ട് എന്നാല്‍ അതിനര്‍ത്ഥം ഉക്രൈന്റെ മഹാപ്രതിഭ സെര്‍ജി ബുബ്കയെന്നാണ്. വനിതകളുടെ കാര്യത്തിലാണെങ്കിലോ ?. ഇസിന് തന്നെ. പെണ് ബുബ്കയെന്ന വിശേഷണം ഇസിനു വെറുതെ ചാര്‍ത്തിക്കിട്ടിയതല്ല.
മോസ്കോയില്‍ തുടങ്ങിയ ‘ഇസിന് കുതിപ്പില്‍’ റെക്കോര്‍ഡുകളുടെ പെരുമഴതന്നെ പെയ്തു. 5.06 മീറ്റര്‍ എന്ന ലോക റെക്കോര്‍ഡ് അവയില്‍ ഒന്ന്. അതിന്നും ഭേദിക്കപ്പെട്ടിട്ടില്ല. 5 മീറ്ററിനപ്പുറം ചാടിയ മറ്റൊരു വനിതയില്ലെന്നതും ഇസിന്റെ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. അഞ്ച് മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ ആറു തവണ ഇസിന് പറന്നുയര്‍ന്നിരുന്നു.
ഒളിംപിക്സ്, ലോക ചാമ്പ്യന്‍ഷിപ്പ്, ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ്, ലോക അത്ലിറ്റിക്സ് ഫൈനല്‍സ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്സ്, യൂത്ത് ചാമ്പ്യന്‍ഷിപ്പ്സ് എന്നിങ്ങനെ വിവിധ മത്സരങ്ങളിലായി 24 മെഡലുകള്‍ ഇസിന് വാരിക്കൂട്ടിയിട്ടുണ്ട് ഇതില്‍ ഇരുപതും സ്വര്ണപ്പതക്കങ്ങളാണ്്.
സ്വന്തം പേരിലെ ലോക റെക്കോര്‍ഡ് 28 തവണ തിരുത്തിയെഴുതിയതും ഈ റഷ്യന്‍ സുന്ദരിയുടെ മഹത്വമേറ്റി. പതിനഞ്ച് തവണ ഔട്ട് ഡോര്‍ മത്സരങ്ങളിലും 13 പ്രാവശ്യം ഇന്‍ഡോര്‍ മത്സരങ്ങളിലുമാണ് ഇസിന് പുതിയ ഉയരങ്ങള്‍ കണ്ടെത്തിയത്.
റെക്കോര്‍ഡ് തിരുത്തിക്കുറിക്കുന്ന കാര്യത്തില്‍ സാക്ഷാല്‍ ബൂബ്ക (35 തവണ) മാത്രമേ ഇസിന്ബയേവയ്ക്കു മുന്നിലുള്ളു. വനിത പോള്‍വാള്‍ട്ടില്‍ ഒരു ദശാബ്ദത്തോളം എതിരാളികളില്ലാതെ വിരാജിച്ചശേഷമാണ് ഇസിന്‍ബയേവയുടെ വിരമിക്കല്‍ പ്രഖ്യാപനം. അതിനാല്‍ത്തന്നെ ആ വിടവാങ്ങലിനെ യുഗാന്ത്യമെന്നു വിശേഷിപ്പിക്കാം.
സി.എസ്.ഭരതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: