താലിബാന് ഭരണത്തിന് ശേഷമുള്ള അഫ്ഗാനിസ്ഥാന്റെ നവീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഡോ.ഹബീബ സറാബിയും മ്യാന്മറില് നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തക ലാഹ്പെയി സങ്ങ് റോയുമാണ് ഈ ആഴ്ച്ചയിലെ വാര്‍ത്തയിലെ പ്രധാന രണ്ട് സ്ത്രീകള്‍. മഗ്സസെ പുരസ്ക്കാരം നേടിയാണ് ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞത്. 2005ല്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ബാമിയാന്‍ പ്രവിശ്യയിലെ ഗവര്‍ണറായി ഹബീബയെ നിയമിച്ചതോടെ അവര്‍ അഫ്ഗാന്റെ ആദ്യ വനിതാ ഗവര്ണറാകുകയായിരുന്നു. മുമ്പ് മന്ത്രിസഭയില്‍ വനിതാക്ഷേമം കൈകാര്യം ചെയ്ത അനുഭവ സമ്പത്തുള്ളതിനാല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശക്തിയുക്തം പ്രവര്‍ത്തിക്കാന്‍ ഹബീബക്ക് കഴിഞ്ഞു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കുമായി താലിബാനെ വെല്ലുവിളിച്ച് പ്രവര്‍ത്തിച്ച പാരമ്പര്യമുണ്ട് ഹബീബക്ക്. അഫ്ഗാനിസ്ഥാനിലെ ഗോത്ര വര്ഗവിഭാഗമായ ഹസാരാ വിഭാഗത്തില്‍ നിന്നുള്ള വനിതയാണിവര്‍. കുട്ടിക്കാലത്ത് തന്നെ പിതാവിനൊപ്പം രാജ്യം മുഴുവന്‍ സഞ്ചരിച്ച ഹബീബ വൈദ്യശാസ്ത്രപഠനമാണ് തെരഞ്ഞെടുത്തത്. രക്തകോശങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി ഇവര്‍ ഇന്ത്യയിലും എത്തിയിരുന്നു. അഫ്ഗാന് മേല്‍ താലിബാന്റെ ഉരുക്കുമുഷ്ടി പതിഞ്ഞപ്പോള്‍ കുടുംബത്തോടൊപ്പം ഹബീബ പാക്കിസ്ഥാനില്‍ അഭയം തേടി. അവിടെ രഹസ്യമായി പെണ്‍കുട്ടികള്‍ക്കും അഭയാര്‍ത്ഥി ക്യാമ്പുകളിലെ മനുഷ്യര്‍ക്കും വിദ്യാഭ്യാസം നല്‍കുകയും ചെയ്തു. വെടിയുണ്ടകള്‍ക്ക് കീഴ്പ്പെടുത്താനാകാത്ത മനക്കരുത്തിന്റെ പ്രതീകം കൂടിയാണ് 57 കാരിയായ ഡോ. ഹബീബ സറാബി.
വംശീയ കലാപം രൂഷമായ മ്യാന്മറില് പുനരധിവാസത്തിന് സൗകര്യങ്ങളൊരുക്കിയാണ് ലാഹ്പെയി സെങ്ങ് റോക്ക് മാഗ്സാസെക്ക് അര്‍ഹയായത്. രക്തച്ചൊരിച്ചില്‍ രൂഷമായ നാട്ടില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുകയായിരുന്നു 64 കാരിയായ ഈ വിധവ. ന്യൂനപക്ഷമായ കച്ചിന് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നാണ് ലാഹപെയി സേവനരംഗത്തേക്ക് കടന്നു വരുന്നത്. യുദ്ധക്കെടുതിക്ക് ഇരകളായി കിടപ്പാടം പോലും നഷ്ടമായവര്‍ക്ക് ലാഹ്പെയി പകര്‍ന്നു നല്കി ആത്മവീര്യവും പ്രതീക്ഷയും കണക്കിലെടുത്ത് മാഗ്സാസെ പുരസ്കാരത്തിലൂടെ ആ സേവന മനസ്കതയെ അംഗീകരിക്കുകയായിരുന്നു പുരസ്കാര സമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: