മോസ്ക്കോ: ചാരക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് അറസ്റ്റ് ഭയന്ന് അമേരിക്കയില്‍ നിന്ന് പലായനം ചെയ്ത മുന്സിഐഎ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന് റഷ്യ താത്ക്കാലിക അഭയം നല്‍കിയതായി റിപ്പോര്‍ട്ട്. മോസ്ക്കോയിലെ ഷെര്മത്തിയോവ വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് ഏരിയയില്‍ കഴിയുന്ന സ്നേഡന് വിമാനത്താവളം വിട്ട് റഷ്യയിലെങ്ങും സഞ്ചരിക്കാനുള്ള അനുമതി റഷ്യ നല്‍കിയതായാണ് അറിയുന്നത്. വിമാനത്താവളത്തില്‍ നിന്ന് സ്നോഡന് ഉടന്‍ പുറത്തിറങ്ങുമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തത്ക്കാലിക അഭയത്തിനുള്ള അനുമതി ലഭിച്ചതിന്റെ രേഖകളുമായി സ്നോഡന്റെ അഭിഭാഷകന് വിമാനത്താവളത്തിലെത്തി. സ്നോഡന് പുറത്തിറങ്ങാനുള്ള അനുമതി ഉത്തരവ് കൈമാറിയതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു. എന്നാല്‍ അഭിഭാഷകന് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. റഷ്യന്‍ ഫെഡറല്‍ മൈഗ്രേഷന്‍ സര്‍വീസാണ് സ്നോഡന് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുമതി നല്‍കിയത്. അഭയംനല്കരുതെന്ന അമേരിക്കയുടെനിരന്തര ആവശ്യം മറികടന്നാണ് സ്നോഡന് അനുകൂലമായ നിലപാട് റഷ്യസ്വീകരിച്ചത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സ്ഥിരം അഭയം ലഭിക്കുന്നതു വരെ റഷ്യയില്‍ കഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്നോഡന് അപേക്ഷ നല്‍കിയിരുന്നു.
മറ്റ് രാജ്യങ്ങളുടെയും പൗരന്മാരുടെയും രഹസ്യവിവരങ്ങള്‍ അമേരിക്ക ചോര്‍ത്തുന്നു എന്ന നിര്‍ണായകവെളിപ്പെടുത്തല്‍ നടത്തിയതിനെത്തുടര്‍ന്നാണ് സ്നോഡന് അമേരിക്കയുടെ ശത്രുവായതും രാജ്യംവിട്ടതും. ഹോങ്കോങ്ങിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞമാസം 23നാണ് അദ്ദേഹം മോസ്ക്കോ വിമാനത്താവളത്തില്‍ കുടുങ്ങിയത്. പാസ്പോര്‍ട്ട് അമേരിക്ക മരവിപ്പിച്ചതിനാല്‍ അദ്ദേഹത്തിന് തുടര്‍ന്ന് യാത്ര ചെയ്യാന്സാധിക്കാതെ വരികയായിരുന്നു. റഷ്യയും ഇന്ത്യയുമടക്കം 21 രാജ്യങ്ങളോട് സ്നോഡന് രാഷ്ട്രീയ അഭയം ചോദിച്ചിരുന്നു. എന്നാല്‍ വെനസ്വേല, ബൊളീവിയ, നിക്കരാഗ്വ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മാത്രമാണ് സ്നോഡന്റെ അപേക്ഷ സ്വീകരിച്ച് അഭയം വാഗ്ദാനം ചെയ്തത്. അമേരിക്കയുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളില്‍ കൂടി സഞ്ചരിച്ച് സ്നോഡന് ഈ രാജ്യങ്ങളില്‍ എത്താന്‍ സാധിക്കാതെ വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: