പുനലൂര്‍: പൊലീസ് സ്റ്റേഷനില്‍ പരാതി ബോധിപ്പിക്കാന്‍ മടിയുള്ളവര്‍ ഇനി ഭയപ്പെടേണ്ട. പുനലൂര്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളില്‍ പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. പുനലൂരിലെ ജനമൈത്രി പോലീസാണ് പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കാനുള്ള പുതിയ പദ്ധതികളുമായി രംഗത്തുവന്നിരിക്കുന്നത്. രഹസ്യ സ്വഭാവമുള്ള ഏതുതരം പരാതികളും പൊതുജനങ്ങള്‍ക്ക് ഇതില്‍ നിക്ഷേപിക്കാം. കഴിഞ്ഞ ദിവസം വൈകിട്ട് പുനലൂര്‍ എസ്.ഐ കെ.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ് സംഘമാണ് പരാതിപ്പെട്ടികള്‍ സ്ഥാപിച്ചത്. പുനലൂരില്‍ ജനത്തിരക്ക് കൂടുതലുള്ള ഭാഗങ്ങളായ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലും പോസ്റ്റോഫീസ് ജംഗ്ഷനിലുമായാണ് രണ്ട് പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്. എല്ലാദിവസവും വൈകുന്നേരം അഞ്ചിനോടെ ജനമൈത്രി പോലീസ് സംഘം പരാതിപ്പെട്ടി പരിശോധിക്കും. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കാതെ തന്നെ പരിഹാരം കാണുക എന്നതാണ് ജനമൈത്രി പോലീസ് പ്രധാനമായും ലക്ഷ്യമാക്കിയിരിക്കുന്നത്. കൂടാതെ ഇന്ന് പുനലൂര്‍ ടി.ബി ജംഗ്ഷനില്‍ നടക്കുന്ന അദാലത്തിലേക്കുള്ള പരാതികളും പൊതുജനങ്ങള്‍ക്ക് ഇതില്‍ നിക്ഷേപിക്കാന്‍ കഴിയുമെന്നും പുനലൂരിലെ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: