ലണ്ടന്‍: ക്രൈസ്തവ വിശ്വാസികളുടെതല്ലാത്ത ബ്രിട്ടണിലെ മതപാഠശാലകള്‍ അടച്ചുപൂട്ടണമെന്ന് നോബേല്‍ പുരസ്കാര ജേതാവ് അമര്‍ത്യസെന്‍. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസസ്വാതന്ത്രത്തിനും അവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും 2006 ല്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കിയതാണ് അമര്‍ത്യ സെന്നിനെ ചൊടിപ്പിച്ചത്.
ക്രൈസ്തവ സ്കൂളുകള്‍ മാത്രമേ പൂര്‍ണമായും സ്വീകരിക്കാന്‍ പാടുള്ളൂ. മറ്റ് വിഭാഗങ്ങളുടെ പാഠശാലകള്‍ വലിയ തെറ്റാണ് വരുത്തിവയ്ക്കുന്നത്. ഏകീകൃത ബ്രിട്ടീഷ് സ്വത്വം കൊണ്ടുവരാനാണെങ്കില്‍ സര്‍ക്കാര്‍ ഇത്തരം പാഠശാലകള്‍ അടച്ചുപൂട്ടേണ്ടതാണെന്നും ഡെയ്ലി ടെലഗ്രാഫിന് നല്കിയ അഭിമുഖത്തില്‍ സെന്‍ അന്ന് പറയുകയുണ്ടായി.
സര്‍ക്കാര്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കൊപ്പം തുല്യത നല്കിയതു മുതല്ക്കാണ് മതപാഠശാലകള്‍ക്ക് പ്രാധാന്യം കൈവന്നത്. ഇത് തന്നെ വളരെയധികം ഞെട്ടിച്ചെന്നും സെന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മതം എങ്ങനെയാണ് തള്ളി മാറ്റുന്നത് വര്‍ഗീയ സംഘര്‍ഷത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നതെന്ന് നെഹ്റു സെന്ററില്‍ നടത്തിയ പ്രഭാഷണത്തിലും സെന്‍ അഭിപ്രായപ്പെട്ടിരുന്നു.
ബ്രിട്ടണിലെ ബഹുമുഖ സാംസ്കാരിക സമൂഹത്തെ പുകഴ്ത്തിയ സെന്‍ പക്ഷേ ബ്ലെയര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ബ്ലെയര്‍ സര്‍ക്കാര്‍ രണ്ട് ഭീകര മണ്ടത്തരങ്ങളാണ് കാണിച്ചത്. ഒന്ന് മതപരമായ വിശ്വാസങ്ങള്‍ നിലനിര്‍ത്താന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സൗകര്യം ചെയ്തുകൊടുത്തു. രണ്ടാമത്തേത് അവരുടെ മതപാഠശാലകള്‍ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. യഥാര്‍ത്ഥ മതപാഠശാലയെക്കാള് സഹിഷ്ണുതയുടെ അന്തരീക്ഷം കൂടുതല്‍ ഒരുക്കുന്നത് ക്രൈസ്തവ സ്കൂളുകളാണ്. മധ്യേഷ്യയിലെയും ഇന്ത്യയിലെയും ഒരുപാട് പേര് ക്രൈസ്തവ സ്കൂളുകളില്‍ നിന്നും വിദ്യാഭ്യാസം നേടിയവരാണ്. കൊല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്സില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ തന്റെ ഒട്ടേറെ സുഹൃത്തുക്കള്‍ ക്രിസ്തുമതത്തില്‍ മാത്രം ഒതുങ്ങി നിന്ന് ഉപദേശങ്ങള്‍ നല്കുന്നവരല്ല. എന്നാല്‍ പുതുതലമുറയിലെ മതപാഠശാലകളും ക്രൈസ്തവേതര സ്കൂളുകളും ഇതുപോലെയായിരിക്കില്ല പ്രവര്‍ത്തിക്കുകയെന്നും സെന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
മുഖ്യധാരയിലെ ബ്രിട്ടീഷ് സ്കൂളുകള്‍ തങ്ങളുടെ പാഠ്യപദ്ധതി കൂടുതല്‍ വിപുലീകരിക്കണം. മുസ്ലിം ഗണിതജ്ഞരുടെ സംഭാവനകള്‍ പാഠങ്ങളില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍ മതപാഠശാലകള്‍ മോശപ്പെട്ടവ തന്നെയാണ്. വിദ്യാഭ്യാസപരമായി അത് ഒരു കുട്ടിക്ക് നല്ലതല്ല. ദേശീയ ഐക്യമെന്ന തലത്തില്‍ ചിന്തിക്കുമ്പോള്‍ അത് ഭീഷണി തന്നെയാണ്. കാരണം ഒരു കുട്ടി ചിന്തിക്കാന്‍ തുടങ്ങും മുമ്പ് തന്നെ അതിനെ ഒരു സമുദായത്തിന്റെ പ്രാഥമികമായി മതത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഖ്യാനിച്ചു തുടങ്ങുന്നു. അതാകട്ടെ മറ്റ് സാംസ്കാരിക തലങ്ങളായ ഭാഷയെയും സാഹിത്യത്തെയും പോലും പുറം തള്ളിക്കളയും. താന്‍ ബ്രിട്ടീഷ് വ്യക്തിത്വത്തിലുള്ള വിശ്വാസത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും സെന്‍ വ്യക്തമാക്കുന്നു.
ബ്രിട്ടന് നേരിടുന്ന ഒരേയൊരു പ്രശ്നം മതപരമായ ഐക്യമില്ലായ്മയാണ്. ഇതാണ് എല്ലാറ്റിനെയും പ്രതിനിധീകരിക്കുന്നത്. മതത്തിന്റെ പേരില്‍ സംസാരിക്കുന്നത് ജനങ്ങളെ പെട്ടെന്ന് അവരുടെ അഭിമാനത്തെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിനുള്ളില്‍ പുരോഗമന ചിന്താഗതിയുള്ളവരുണ്ടെങ്കിലും കൂടുതല്‍ പേരും തീവ്രവാദികളാണെന്നും സെന്‍ പറഞ്ഞു. മതത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ അശ്രദ്ധമായി വിപരീത ഉത്പന്നമാക്കി രാഷ്ട്രീയവത്കരിച്ചു. ഇത് ഭീകരതയ്ക്കെതിരായ യുദ്ധത്തെ കൂടുതല്‍ വിരൂപവും വികൃതവുമാക്കിയെന്നും സെന്‍ അന്ന് വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: