ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിലേക്കുള്ള താര ലേലത്തില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെ 1,20,000 ഡോളറിന് ഹൈദരാബാദ് സ്വന്തമാക്കി. എന്നാല്‍ ലോക ഒന്നാം നമ്പര്‍ താരം ലീ ചോംങാകട്ടെ 1,35,000 ഡോളറിനാണ് മുംബൈ മാസ്റ്റേഴ്സിലെത്തിയത്.
ഇതോടെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ആദ്യ സീസണ് മത്സരങ്ങള്‍ക്കായുള്ള ലേലം ദല്‍ഹിയില്‍ പൂര്‍ത്തിയായപ്പോള്‍ ഇരുവരും ഏറ്റവും മൂല്യങ്ങളുള്ള താരങ്ങളായി മാറി. ലീഗില്‍ ആറ് ഐക്കണ്‍ താരങ്ങളാണുള്ളത് ഇവരുടെ അടിസ്ഥാന തുക 50000 യുഎസ് ഡോളറായി നേരത്തെ നിശ്ചയിച്ചിരുന്നു. ഐക്കണ്‍ താരങ്ങളിലൊരാളാണ് സൈന.
നേരത്തെ ഹൈദരാബാദിനോ ലക്ക്നൗവിനോ വേണ്ടി കളിക്കമമെന്ന് സൈന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സൈനയുടെ ആഗ്രഹം പോലെ തന്നെ ഹൈദരാബാദ് 1,20,000 ഡോളറിന്(ഏകദേശം 71,27,796 രൂപ) സൈനയെ സ്വന്തമാക്കുകയായിരുന്നു.
ലീ ചോങ്ങിന് വേണ്ടി മുംബൈ മാസ്റ്റേഴ്സും, ഡല്‍ഹി സ്മാഷേസും മത്സരിക്കുകയായിരുന്നു. ഒടുവില്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്ക്കര്‍ കൂടി ഉടമയായ മുംബൈ ലീയെ സ്വന്തമാക്കി. 8,019,032 രൂപ ആയിരുന്നു ലീയുടെ ലേല തുക.
ഐക്കണ്‍ പ്ലേയേഴ്സിന്റെ പട്ടികയിലുണ്ടായിരുന്ന പരുപ്പള്ളി കശ്യപ് ബംഗാ ബീറ്റ്സിലാണ്. 4,455,622 രൂപയായിരുന്നു കശ്യപിന്റെ മൂല്യം. പി.വി. സിന്ദു ലഖ്നൗ വാരിയേഴ്സ്, ജ്വാല ഗുട്ട ഡല്‍ഹി സ്മാഷേഴ്സ്, ടിന് മിന്‍ഹ് ന്യൂഗന്‍ (വിയറ്റ്നാമീസ് താരം) പൂനെ പിസ്റ്റണ്‍ എന്നിവരാണ് ലേലത്തില്‍ പോയ മറ്റ് കളിക്കാര്‍.
പിവിപി ഗ്രൂപ്പ്(ഹൈദരാബാദ്), ബിഒപി ഗ്രൂപ്പ്(ബംഗളൂരു), ക്രിഷ് ഗ്രൂപ്പ്(ഡല്‍ഹി), സഹാറ(ലഖ്നൗ), ബര്മന് കുടുംബം(പൂനെ), സുനില്‍ ഗവാസ്ക്കര്‍, അക്കിനെനി നാഗാര്‍ജുന, വി. ചാമുണ്ടേശ്വര്നാഥ് എന്നിവരുടെ കണ്‍സോര്‍ഷ്യം (മുംബൈ), എന്നിവരാണ് ഫ്രാഞ്ചൈസി ഓണേഴ്സ്.
ആറു ഗ്രൂപ്പുകളും 11 കളിക്കാരെ വീതം വാങ്ങും. ആറ് ഇന്ത്യക്കാരും, നാല് വിദേശിയരും, ഒരു ഇന്ത്യന്‍ ജൂനിയന്‍ കളിക്കാരനും ഉള്‍പ്പെടുന്നതായിരിക്കും ടീം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: