തിരുവനന്തപുരം: വിവാദമായ അട്ടപ്പാടി പ്രസ്താവനയിലുറച്ച് മുഖ്യമന്ത്രി. ഭക്ഷണം കഴിക്കാത്തത് തന്നെയാണ് അട്ടപ്പാടിയിലെ പ്രശ്നമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ആദിവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കിയ ശേഷമാണ് താന്‍ അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍ക്ക് കാരണം ആദിവാസികള്‍ വേണ്ട വിധം ഭക്ഷണം കഴിക്കാത്തതാണെന്ന് ഒരു ദേശീയ വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫയലുകള്‍ നോക്കി നിഗമനങ്ങളില്‍ എത്തുന്ന മുഖ്യമന്ത്രിയല്ല താന്‍. ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. അങ്ങനെയാണ് ഈ വിവരം കിട്ടയത്. അട്ടപ്പാടിയിലെ ജനങ്ങളുടെ വികാരമാണ് താന്‍ പറഞ്ഞത്.
അട്ടപ്പാടിയിലെ പ്രശ്നം ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്നതല്ല. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ അത് അവര്‍ കഴിക്കുന്നില്ലെന്ന് മനസിലാക്കാനായി. തുടര്‍ന്ന് റാഗി വേണമെന്ന് ആവശ്യപ്പെട്ടു. ഫുഡ് കോര്പ്പറേഷന് ഒഫ് ഇന്ത്യ റാഗി സംഭരിക്കുന്നു പോലുമില്ല. എന്നിട്ടും അത് എത്തിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. റാഗി പാചകം ചെയ്തു ആദിവാസികള്‍ക്ക് നല്കുന്ന കാര്യം ആലോചിച്ചു വരികയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഔട്ട്ലുക്കില്‍ താന്‍ നല്കിയ അഭിമുഖത്തിലെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ച മാധ്യമങ്ങളോട് സഹതാപം മാത്രമേ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: