കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നല്കിയ രഹസ്യമൊഴി രണ്ട് ദിവസത്തിനകം പുറത്തുവിടുമെന്ന് അഭിഭാഷകന് ഫെനി ബാലകൃഷ്ണന്. സരിത പോലീസിനോട് പറഞ്ഞത് മുഴുവനും രേഖപ്പെടുത്തിയിട്ടില്ലെന്നും സരിതയുടെ അഭിഭാഷകന് പറഞ്ഞു.
ഒരു കേന്ദ്രമന്ത്രിയും സംസ്ഥാനമന്ത്രിയും മറ്റ് ഉന്നതരുടെയും പേരുകളാണ് സരിത കോടതിയില്‍ വെളിപ്പെടുത്തിയതെന്നാണ് സൂചന. അതീവഗൗരവമുള്ളതിനാല് ഈ മൊഴിയുടെ വിശദാംശങ്ങള്‍ പോലീസ് ആഭ്യന്തര വകുപ്പിന് കൈമാറി. മന്ത്രിമാര്‍ തന്നെ ശാരീരികമായും സാമ്പത്തികമായും ഉന്നതര്‍ ചൂഷണം ചെയ്തുവെന്നാണ് സരിതയുടെ മൊഴി. തന്നെ ദല്‍ഹിയില്‍ കൊണ്ടുപോയി സോളാറുമായി ബന്ധപ്പെട്ട കേന്ദ്ര പദ്ധതികളുടെ ഭാഗമാക്കാമെന്ന് കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ഇത് പറഞ്ഞാണ് തന്നെ ചൂഷണം ചെയ്തത്.
നിരവധി ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തി. കേന്ദ്രമന്ത്രിയുടെ ഉന്നത ബന്ധങ്ങള്‍ തന്നെ സഹായിക്കുമെന്നാണ് കരുതിയത്. സംസ്ഥാന മന്ത്രി തന്നെ സാമ്പത്തികമായി ഏറെ ചൂഷണം ചെയ്തു. സോളാര്‍ പദ്ധതിക്ക് സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്തു. സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞു. ഇതില്‍ താന്‍ വിശ്വസിച്ചെങ്കിലും പിന്നീട് ചതിക്കപ്പെട്ടുവെന്നും സരിത മൊഴി നല്കി.
ശനിയാഴ്ച കൊച്ചിയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സരിത തനിക്ക് ചില രഹസ്യങ്ങള്‍ കോടതിയോട് പറയാനുണ്ടെന്ന് അറിയിച്ചത്. ഇതേത്തുടര്‍ന്ന് സരിതയുടെ മൊഴി കേള്‍ക്കാന്‍ തയാറാവുകയായിരുന്നു.
സംസ്ഥാന മന്ത്രിമാരില്‍ മറ്റ് ചിലരെക്കൂടി പറയാന്‍ സരിത ശ്രമിച്ചപ്പോള്‍ എഴുതി നല്കാന് കോടതി ആവശ്യപ്പെട്ടു. എന്നാലിന്ന് കോടതി നിര്‍ദ്ദേശ പ്രകാരം സരിതയുടെ മൊഴിയെഴുതിയെടുക്കാന് അഭിഭാഷകന് എത്തും മുമ്പ് സരിതയെ പോലീസ് കടത്തി. സോളാര്‍ തട്ടിപ്പുകേസില്‍ പത്തനംതിട്ട സബ്ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന സരിത എസ്. നായരേയും ബിജു രാധാകൃഷ്ണനേയും പ്രൊഡക്ഷന്‍ വാറണ്ടിന്റെ പേരില്‍ ഇന്ന് രാവിലെയാണ് തിടുക്കത്തില്‍ ജയിലില്‍ നിന്ന് മാറ്റിയത്.
ഉന്നതരുള്‍പ്പെട്ട കേസില്‍ പ്രതികളായ സരിതക്കും ബിജുവിനും കോടതിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തിലാണ് ഇവര്‍ക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: