തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇടതുമുന്നണി സംഘടിപ്പിച്ച അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിച്ചു. സമരം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ഈ സമരം സര്‍ക്കാരിനെ അട്ടമറിക്കാനുള്ളതല്ലെന്നും മറിച്ച് ഉമ്മന്‍ ചാണ്ടിയുടെ രാജിയ്ക്കായിട്ടുള്ളതാണെന്നും പിണറായി വ്യക്തമാക്കി.
സോളാര്‍ പാനലിലൂടെ 40,000 കോടിയുടെ തട്ടിപ്പ് നടത്താനാണ് പദ്ധതിയിട്ടത്. ഈ തട്ടിപ്പ് തുറന്ന് കാണിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. എത്ര വലിയ തട്ടിപ്പുകാര്‍ക്കും ജനശക്തിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും പിണറായി പറഞ്ഞു. സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം നിഷ്പക്ഷമാണെങ്കിലും അന്വേഷണം മുന്നോട്ടുപോകുന്നില്ല. സരിതാ നായര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടിയും കേസില്‍ കൂട്ടുപ്രതിയാണ്.
മുഖ്യമന്ത്രിക്കെതിരെ തെളിവുകളുടെ മലവെള്ളപ്പാച്ചിലാണ്. എന്നിട്ടും അന്വേഷണം അദ്ദേഹത്തിന്റെ അടുക്കല്‍ എത്തുന്നില്ല. ഇതിനെയാണ് എല്‍.ഡി.എഫ് ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. മുഖ്യമന്ത്രിയുടെ പി.എ ആയിരുന്ന ജോപ്പന്റെ വാക്കു കേട്ടല്ല ശ്രീധരന് നായര്‍ സരിതയ്ക്ക് പണം നല്‍കിയത്. മുഖ്യമന്ത്രിയുടെ ഉറപ്പുള്ളതിനാലാണ്. ജോപ്പനെതിരേ ശ്രീധരന് നായര്‍ പരാതിയില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജോപ്പന് കുറ്റവാളിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
സരിതയ്ക്കെതിരെ പരാതി നല്കുന്നതവരെ മുഖ്യമന്ത്രി അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും പിണറായി ആരോപിച്ചു. അന്വേഷണം നടന്നാല്‍ ഒരുപാടു കാര്യങ്ങള്‍ പുറത്തുവരുമെന്ന പേടിയാണ് ഉമ്മന്‍ചാണ്ടിക്കെന്നും പിണറായി പറഞ്ഞു. സോളാര്‍ കേസില്‍ സരിതയെപ്പോലെ തന്നെ മുഖ്യമന്ത്രിയും കുറ്റവാളിയാണെന്നും പിണറായി പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ അടുപ്പക്കാര്ക്കുണ്ടായ സാമ്പത്തിക വളര്‍ച്ച അന്വേഷിക്കണം. അട്ടപ്പാടിയിലെ ആദിവാസികളെ മുഖ്യമന്ത്രി അവഹേളിച്ചതായും വിഎസ് ആരോപിച്ചു. രാപ്പകല്‍ സമരത്തിന്റെ ആദ്യദിവസം മുന്നണി നേതാക്കന്മാരും എം.പിമാരും എം.എല്‍.എമാരും അടക്കമുളള ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടത് മുന്നണി നടത്തിവരുന്ന സമരത്തിന്റെ തുടര്‍ച്ചയായാണ് രാപ്പകല്‍ സമരം ആരംഭിക്കുന്നത്. 24 മുതല്‍ ജില്ലാ ആസ്ഥാനങ്ങളിലും രാപ്പകല്‍ സമരം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: