കുട്ടനാട്: പ്രളയക്കെടുതി കാണാനും പ്രഖ്യാപനങ്ങള്‍ നടത്താനും മത്സരിച്ചെത്തുന്ന ഭരണാധികാരികളെയും രാഷ്ട്രീയ നേതാക്കളെയും കണ്ടുമടുത്ത കുട്ടനാട്ടുകാര്‍ക്ക് സേവാഭാരതിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ വേറിട്ട അനുഭവമായി. പകര്‍ച്ചവ്യാധിഭീഷണി നേരിടുന്ന കുട്ടനാട്ടിലെ ആറ് കേന്ദ്രങ്ങളില്‍ ഇന്നലെ സേവാഭാരതിയുടെ നേതൃത്വത്തില്‍ സൗജന്യമെഡിക്കല്‍ ക്യാമ്പുകളും ശുചീകരണപ്രവര്‍ത്തനങ്ങളും നടത്തി. രണ്ടായിരത്തോളംപേര്‍ മെഡിക്കല്‍ക്യാമ്പില്‍ പങ്കെടുത്ത് സൗജന്യ ചികിത്സ തേടി. പങ്കെടുത്ത മുഴുവന്‍പേര്‍ക്കും സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.
750ഓളം പ്രവര്‍ത്തകരാണ് ഇന്നലത്തെ പകല്‍ മുഴുവന്‍ കുട്ടനാട്ടില്‍ സേവാപ്രവര്‍ത്തനങ്ങളില്‍ സജീവമായത്. സര്‍ക്കാര്‍ മിഷണറികള്‍ പോലും കാഴ്ചക്കാരായി നിന്ന ഉള്‍പ്രദേശങ്ങളില്‍ വരെ സേവനത്തിന്റെ കൈത്താങ്ങുമായി സേവാഭാരതി പ്രവര്‍ത്തകരെത്തി. സേവാപ്രവര്‍ത്തനങ്ങളെ കുറിച്ചറിഞ്ഞ മന്ത്രി അടൂര്‍ പ്രകാശും ജില്ലാകളക്ടര്‍ എന്‍. പത്മകുമാറും കൈനകരിയിലെ മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിച്ച് അഭിനന്ദനം രേഖപ്പെടുത്തി.
തലവടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകളും മാതൃകയാക്കേണ്ടതാണെന്ന് അവര്‍ പറഞ്ഞു. ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. പാണ്ടങ്കരിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമണി എസ്. ഭാനു ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍. കൃഷ്ണപൈ മുഖ്യപ്രഭാഷണം നടത്തി. മങ്കൊമ്പില്‍ ആര്‍എസ്എസ് പ്രാന്ത സഹ സേവാപ്രമുഖ് കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മുട്ടാറില്‍ ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സി.എന്‍. ജിനു മുഖ്യപ്രഭാഷണം നടത്തി. കൈനകരിയില്‍ ഗ്രാമപഞ്ചായത്തംഗം എസ്.ഡി. രവി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പദ്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പുല്ലങ്ങടിയില്‍ ഗ്രാമപഞ്ചായത്തംഗം സുജാമ്മ സണ്ണി ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സഹസംഘടനാസെക്രട്ടറി കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഒരുമാസത്തിലേറെയായി നീണ്ടുനിന്ന കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് കുട്ടനാട്ടിലെ വിവിധപ്രദേശങ്ങള്‍ പകര്‍ച്ചവ്യാധിഭീഷണിയിലാണ്. ഈ സാഹചര്യത്തിലാണ് സേവന പ്രവര്‍ത്തനങ്ങളുമായി സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ജില്ലാ സേവാപ്രമുഖ് കെ. ബിജു, കുട്ടനാട് താലൂക്ക് കാര്യവാഹ് കെ.പി. ഗിരീഷ്, എം.എസ്. മധുസൂദനന്, താലൂക്ക് സേവാ പ്രമുഖ് എസ്. ജയകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. ആവശ്യമെങ്കില്‍ തുടര്‍ന്നും കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്നും സേവാഭാരതി പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: