കായംകുളം: വര്‍ഗീയലഹള ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം രാത്രിയില്‍ ബൈക്കിലെത്തി ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയ പത്തംഗ സംഘത്തില്‍പ്പെട്ട മൂന്നുപേര്‍ അറസ്റ്റില്‍. കായംകുളം എരുവ പ്ലാമൂട്ടില്‍ അല്അമീന് (19), പുത്തന്‍കണ്ടത്തില്‍ അബ്ദുള്‍ റഹ്മാന് (20), പത്തിയൂര്‍ എരുവ ചെറുകാവില്‍ കിഴക്കേതില്‍ ഫൈസല്‍ (19) എന്നിവരെയാണ് കായംകുളം സി.ഐ രാജപ്പന് റാവുത്തറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മുസ്ലിം മതഭീകര സംഘടനയുടെ വളപട്ടണം ക്യാമ്പില്‍ പങ്കെടുത്തയാളാണ് അല്‍ അമീന്. ഫൈസല്‍ കായംകുളത്ത് സദാചാര പോലീസ് ചമഞ്ഞ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ച് അന്വേഷണം വ്യാപകമാക്കി. ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ച കാറിന്റെ ഉടമസ്ഥനും പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. പിടിയിലായവര്‍ മതഭീകരസംഘടനയിലെ രഹസ്യ കണ്ണികളാണെന്നാണ് സൂചന. കഴിഞ്ഞദിവസം രാത്രി ചെട്ടികുളങ്ങര മറ്റം സെന്റ് ജോണ്‍സ് പള്ളി കുരിശടി, കാട്ടുവള്ളില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രം, കായംകുളം ടൗണ്‍ ജുമാ മസ്ജിദ്, കായംകുളം പോലീസ് സ്റ്റേഷന് എന്നിവയ്ക്കു നേരെയാണ് സോഡാക്കുപ്പി, ബിയര്‍കുപ്പി എന്നിവ കൊണ്ട് ആക്രമണം നടത്തിയത്.
കാട്ടുവള്ളില്‍ ക്ഷേത്രത്തിനു സമീപത്തുള്ള വീടിനുനേരെ ആക്രണം നടത്തിയ സംഘം വീട്ടിലെ നായയെ അടിച്ചുകൊല്ലുകയും ചെയ്തു. നായ യെ ക്ഷേത്രത്തിലെ സ്റ്റേജിനുള്ളില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കായംകുളത്ത് സമീപകാലത്ത് ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണം നടക്കുന്നതിനാല്‍ പ്രമുഖ ആരാധനാലയങ്ങള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ജുമാമസ്ജിദിനു നേരെ സോഡാക്കുപ്പി എറിയുന്നത് പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാര്‍ കണ്ടു. ഇതിനിടെ പോലീസിന്റെ ശ്രദ്ധ തിരിക്കാനാണ് കായംകുളം പോലീസ്സ്റ്റേഷന് നേരെ ബീയറുകുപ്പികള് എറിഞ്ഞത്.
സംഭവശേഷം ദേശീയപാതയില്‍ ചിറക്കടവത്തുള്ള തട്ടുകടയില്‍ കയറി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് രണ്ടുപേരെ പോലീസ് പിടികൂടിയത്. പത്തംഗസംഘം അഞ്ചു ബൈക്കുകളിലായി വിവിധസ്ഥലങ്ങളില്‍ ഒരേ സമയത്താണ് ആക്രമണം നടത്തുന്നത്. അറസ്റ്റിലായവരെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പത്തോളം ആക്രമണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പോലീസിനോട് സമ്മതിച്ചതായാണ് സൂചന.
നാലു വര്‍ഷം മുന്‍പ് പന്തളത്തിന് സമീപം പ്രശസ്ത ക്ഷേത്രത്തില്‍ ആക്രമണം നടത്തിയത് ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. ഇവരെ ചോദ്യം ചെയ്യുന്നതോടെ കേരളത്തിലെ ആരാധനാലയങ്ങള്‍ക്കു നേരെ നടന്നിട്ടുള്ള ആക്രമണ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: