പാലക്കാട്: കേരളത്തിലേക്കുള്ള അന്തര്‍സംസ്ഥാന ചരക്കുവാഹനങ്ങളുടെ സമരം തുടരുന്നു. ഇതിനിടെ സംസ്ഥാനത്തുനിന്ന് തമിഴ്നാട്ടിലേക്കുള്ള ചരക്കുഗതാഗതം നിര്‍ത്തലാക്കുമെന്ന് കേരളസ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന് അറിയിച്ചു. ചെക്ക് പോസ്റ്റുകളിലെ പ്രശ്നങ്ങള്‍ക്ക് 24നകം പരിഹാരമായില്ലെങ്കില്‍ സംസ്ഥാനത്തിനകത്തുള്ള ചരക്കുകടത്തും നിര്‍ത്തിവയ്ക്കുമെന്ന് ഫെഡറേഷന് മുന്നറിയിപ്പ് നല്കി.
വാളയാര്‍ ചെക്ക്പോസ്റ്റില്‍ നിരന്തരമായുണ്ടാകുന്ന ഗതാഗതക്കുരുക്കില്‍ പ്രതിഷേധിച്ചാണ് കേരളത്തിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവച്ചത്. ജില്ലാ കളക്ടര്‍ അലി അസ്ഗര്‍ പാഷയുടെ നേതൃത്വത്തില്‍ ഇന്ന് ഓള് ഇന്ത്യ ലോറി ഓണേഴ്സ് അസോസിയേഷന് ഭാരവാഹികളുമായി പാലക്കാട്ട് ചര്‍ച്ച നടത്തും.
പ്രശനം സങ്കീര്ണമായിട്ടും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതര്‍ ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്നും സര്‍ക്കാരിന്റെ ഈ നിലപാട് കേരളത്തിലെ ചരക്ക് വാഹനഉടമകള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫെഡറേഷന് സംസ്ഥാന സെക്രട്ടറി എം. നന്ദകുമാര്‍ പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും പ്രധാന ചെക്ക്പോസ്റ്റുകളില്‍ ഒന്നാണ് വാളയാര്‍. സെയില്‍സ് ടാക്സ്, പോലീസ്, അനിമല്‍ ഹസ്ബന്ററി, ആര്‍ടിഒ, എക്സൈസ് ഉള്‍പ്പെടെ അഞ്ച് ചെക്ക്പോസ്റ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സ്ഥലപരിമിതിയാണ് ഇവ നേരിടുന്ന പ്രധാനവെല്ലുവിളി. ചരക്കുലോറികളും മറ്റും പാസിനുവേണ്ടി പാതയോരത്ത് തന്നെയാണ് നിറുത്തിയിടുന്നത്. എന്നാല്‍ ഇത് മറ്റുവാഹനങ്ങള്ക്കുകൂടി ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതോടെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്.
പ്രതിദിനം മുവായിരത്തോളം ചരക്കുവാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. എന്നാല്‍ ഇവ പാര്‍ക്ക് ചെയ്യാനുള്ള പരിമിതിയും കൗണ്ടറുകളുടെ എണ്ണത്തിലുള്ള കുറവും ഉദ്യോഗസ്ഥരുടെ അഭാവവുമാണ് വാളയാറില്‍ നേരിടുന്ന പ്രധാന പ്രശ്നം. വണ്ടികളുടെ എണ്ണം വര്‍ധിക്കുമ്പോഴും വാളയാറിലെ എക്സൈസ് ചെക്ക്പോസ്റ്റില്‍ നിലവില്‍ ഒമ്പത് കൗണ്ടറുകള്‍ മാത്രമാണുള്ളത്. ചരക്കുവാഹനങ്ങളുടെ എണ്ണം വര്‍ധിക്കുംതോറും ഉദ്യോഗസ്ഥരുടെയോ കൗണ്ടറുകളുടെയോ എണ്ണം ഇതുവരെ ഉയര്‍ത്തിയിട്ടില്ല. തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് ലോറികളാണ് ഇപ്പോള്‍ വാളയാറില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.
ചരക്കുവാഹനങ്ങള്‍ ചെക്ക്പോസ്റ്റിലേക്ക് പ്രവേശിക്കുമ്പോള്‍ മുന്‍ഗണനാ സമയവും കടന്നുപോകുന്ന സമയവും രേഖപ്പെടുത്തും. ഇവയെല്ലാം പരിശോധിച്ചശേഷം മാത്രമാണ് വാഹനങ്ങള്‍ വിട്ടയയ്ക്കുക. എന്നാല്‍ നികുതി പ്രശ്നമുള്ളതോ മറ്റേതെങ്കിലും കാരണത്താലോ വാഹനങ്ങള്‍ പിടിച്ചിടും. ഏകദേശം അറുപതിലധികം വാഹനങ്ങള്‍ ഇത്തരത്തില്‍ പിടിച്ചിടാറുണ്ടെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. സമരം മൂലം പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗസാധനങ്ങളുടെ വില വര്‍ധിക്കും.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: