തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിലും കുട്ടനാട്ടിലും അനുഭവിക്കുന്ന രൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ പദ്ധതിയൊരുങ്ങുന്നു. വാട്ടര്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് കുഴല്‍ കിണറുകള്‍ സ്ഥാപിച്ച് ലഭ്യമാകുന്ന ലവണജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന 19 റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ഇതിനുവേണ്ടി ടെണ്ടര്‍ വിളിച്ചെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ എസ്റ്റിമേറ്റ് തുകയെക്കാള്‍ കൂടുതല്‍ തുക കമ്പനികള്‍ ക്വാട്ട് ചെയ്തതിനാല്‍ ടെണ്ടര്‍ റദ്ദാക്കി. റീടെണ്ടര്‍ വിളിച്ച് അഞ്ച് മാസത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് വാട്ടര്‍ അതോറിറ്റി ലക്ഷ്യമിടുന്നത്.
ശുദ്ധജലക്ഷാമം രൂക്ഷമായ ഗള്‍ഫ്നാടുകളിലും ഇസ്രേയല്‍ പോലുള്ള വിദേശരാജ്യങ്ങളിലും പിന്തുടരുന്ന മാതൃക പരിഗണിച്ചാണ് വാട്ടര്‍ അതോറിറ്റി പദ്ധതി മുന്നോട്ടുവച്ചത്. ബജറ്റില്‍ വാട്ടര്‍ അതോറിറ്റിയുടെ നൂതന സാങ്കേതികവിദ്യ വിഭാഗത്തിനായി 15 കോടിയോളം രൂപ മാറ്റിവച്ചു. ഈ തുകയില്‍ ഒരുഭാഗം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കണ്‍സള്‍ട്ടന്‍സിക്കായി എക്സ്പ്രന്‍ഷന്‍ ഓഫ് ഇന്ററസ്റ്റ് ക്ഷണിച്ചതില്‍ 10 കമ്പനികള്‍ പങ്കെടുത്തു. എന്നാല്‍ കടല്‍, കായല്‍ ജലശുദ്ധീകരണത്തിനുള്ള ഭീമമായ ചെലവ് കണക്കിലെടുത്ത് വലിയ പ്ലാന്റുകള്‍ എന്ന സംരംഭം ഉപേക്ഷിച്ചു. ഇതേത്തുടര്‍ന്നാണ് കുഴല്‍ കിണറുകളില്‍ നിന്നു ശേഖരിക്കുന്ന ലവണജലം ശുദ്ധീകരിക്കാന്‍ ലോറിയുടെ കണ്ടെയ്നര്‍ വലിപ്പമുള്ള ചെറു പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി ആലോചിച്ചത്.
ശുദ്ധീകരണത്തിലൂടെ ലഭിക്കുന്ന ജലം കാനുകളിലാക്കി നിശ്ചിത വിലയ്ക്ക് വില്‍ക്കാനാണ് വാട്ടര്‍ അതോറിറ്റി ലക്ഷ്യമിടുന്നത്. ആവശ്യക്കാര്‍ക്ക് നേരിട്ട് എടുക്കുന്നതിനെക്കുറിച്ചും കുടുംബശ്രീ വഴി വിതരണം ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കാനുകളിലെ വെള്ളം ഇടനിലക്കാര്‍ സ്വന്തമാക്കി ലാഭം കൊയ്യുന്നതു തടയാന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോസ്ഥരുമടങ്ങുന്ന പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും ധാരണയായിട്ടുണ്ട്. റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകളുടെ റീടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാവുമെന്ന് വാട്ടര്‍ അതോറിറ്റി എംഡി അശോക്കുമാര് പറഞ്ഞു.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: