കൊല്ലം: സരിതയിലും സോളാറിലും തട്ടി വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ പൊതുജനത്തെ പൊറുതിമുട്ടിക്കുന്ന നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തെ അധികൃതര്‍ അവഗണിക്കുന്നു. ഓണം കൂടി എത്താറായതോടെ സാധാരണക്കാരെ ദുരിതത്തിലാക്കി വിപണിയില്‍ എല്ലാവിധ സാധനങ്ങളുടെയും വില കുതിച്ചുകയറുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റകരമാംവിധം നിഷ്ക്രിയമാണ്.
ഡീസല്‍ വിലവര്ദ്ധനവുകൂടി വന്നതോടെ സാധനവില ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമായതോടെ സാധാരണക്കാര്‍ക്ക് ആശ്രയമാവേണ്ട സര്‍ക്കാര്‍ ന്യായവില്പ്പനകേന്ദ്രങ്ങളില് പേരിനുപോലും സാധനങ്ങള്‍ ലഭിക്കുന്നില്ല. പൊതുവിപണിയില്‍ കേരളീയര്‍ക്ക് ഏറെ പ്രിയപ്പെട്ട ജയ അരിയുടെ വില 30 ഉം 32 ഉം കടന്നിരിക്കുകയാണ്. പല സ്ഥലങ്ങളിലും പല രീതിയിലാണ് അരിവില. നഗരത്തില്‍ ചില കടകളില്‍ 29നും 30ഉം രൂപയ്ക്കുവരെ അരി ലഭിക്കുമ്പോള്‍ ഉള്‍പ്രദേശങ്ങളില്‍ വില 32വരെ എത്തിയിട്ടുണ്ട്. കച്ചവടക്കാര്‍ തങ്ങള്‍ക്ക് തോന്നിയ വില ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കി വന്‍ലാഭം കൊയ്യുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
ഡീസല്‍ വിലവര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ വ്യാപാരികള്‍ വീണ്ടും വില വര്‍ദ്ധിപ്പിക്കുന്നതോടെ അരിവില കിലോക്ക് 34വരെ എത്തുമെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ ന്യായവില്പ്പനകേന്ദ്രമായ സപ്ലൈകോയില്‍ ജയ അരിയുടെ സബ്സിഡി വില 21 രൂപയാണ്. മാവേലി മട്ടയ്ക്ക് 16 രൂപയും.
പഞ്ചസാര, തേയില, വെളിച്ചെണ്ണ എന്നിവയുടെ വിലവര്‍ദ്ധനവില്‍ 10ഉം 15ഉം രൂപയുടെ വ്യത്യാസം ഉള്ളപ്പോള്‍ ചെറുപയറിന് പൊതുവിപണിയില്‍ 28 രൂപയുടെയും ഉഴുന്നിന് 29 രൂപയുടെയും വ്യത്യാസമാണുള്ളത്. പൊതുമാര്‍ക്കറ്റില്‍ നിന്നും വിലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാവുമ്പോള് സാധാരണക്കാര്‍ക്ക് ആശ്രയമാകേണ്ടത് സര്‍ക്കാര്‍ ന്യായവില്പ്പന കേന്ദ്രങ്ങളാണ്. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ അരിയും ഗോതമ്പും ഉഴുന്നും പയറും കടലപ്പരിപ്പും പഞ്ചസാരയും അടക്കം ഒന്നും കിട്ടാനില്ല. കൊല്ലം താലൂക്കില്‍ സപ്ലൈക്കോയ്ക്ക് 37 ഔട്ട്ലെറ്റുകളാണ് ഉള്ളത് ഇവിടങ്ങളിലെയെല്ലാം സ്ഥിതി ഒരുപോലെയാണ്.
നഗരകേന്ദ്രീകൃതമായ ഔട്ട്ലെറ്റുകളില് സാധനങ്ങള്‍ തീരുന്നതിനനുസരിച്ച സ്റ്റോക്കുകള്‍ എത്തുന്നുണ്ട്. എന്നാല്‍ ഗ്രാമവാസികളാണ് കൂടുതലും ദുരിതം അനുഭവിക്കുന്നത്. മിക്കവാറും മാസത്തില്‍ ഒരു തവണ മാത്രമാണ് കാര്‍ഡുടമകള്‍ക്ക് അരി വാങ്ങിക്കാന്‍ കഴിയുന്നത്.
സാധനങ്ങള്‍ എത്തിക്കഴിഞ്ഞാല്‍ രാത്രിതന്നെ അരിയും പഞ്ചസാരയും അടക്കമുള്ള സാധനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും തീര്‍ന്നു കഴിയും. ജീവനക്കാരുടെ ബന്ധുക്കളും പരിചയക്കാരും മറ്റും നാലും അഞ്ചും കാര്‍ഡുകള്‍ ഒരുമിച്ച് കൊണ്ടുവന്ന് വാങ്ങിക്കൊണ്ട് പോകുകയും ചെയ്യുന്നു. ഇതോടെ കാര്‍ഡുമായി വരുന്നവര്‍ക്ക് സാധനങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ട്. ഇത് പല സ്ഥലത്തും വാക്കുതര്‍ക്കവും കയ്യേറ്റത്തിനും ഇടവരുത്തുന്നു. നന്മ സ്റ്റോറുകളുടെ പ്രവര്‍ത്തനം ചിലയിടങ്ങളില്‍ നിലച്ച മട്ടാണ്. തീരുന്ന മുറയ്ക്ക് സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. മഴ ശക്തമായതോടെ കൂലിപ്പണിക്കാരും മറ്റ് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരും തൊഴിലില്ലാതായതോടെ നിത്യോപയോഗസാധനങ്ങള്‍ മാര്‍ക്കറ്റിനേക്കാള്‍ കുറഞ്ഞ വിലക്ക് ലഭിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ ഔട്ടലെറ്റുകളിലേക്കാണ് കൂടുതലും എത്തുന്നത്. എന്നാല്‍ അതിനനുസരിച്ചുള്ള സാധനങ്ങള്‍ സ്റ്റോറുകളില്‍ സ്റ്റോക്കില്ല. സര്‍ക്കാര്‍ ഔട്ട്ലെറ്റുകളില് തിരക്ക് ഏറിയതോടെ ദിവസങ്ങളോളം കാര്‍ഡ് വാങ്ങി വച്ചതിന് ശേഷമാണ് അര കിലോ വീതം സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
മാര്‍ക്കറ്റില്‍ വില ദിനംപ്രതി വര്‍ദ്ധിക്കുമ്പോഴും ഒരേ സാധനങ്ങള്‍ക്ക് പല വില ഈടാക്കുമ്പോഴും സര്‍ക്കാര്‍ പരിശോധനാസംവിധാനങ്ങളും ഉദ്യോഗസ്ഥരും ഗുരുതരമായ അനാസ്ഥയിലാണ്. പൊതു മാര്‍ക്കറ്റില്‍ വില കൂടിയാല്‍ തങ്ങള്‍ക്ക് എന്തെന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. മഴക്കാലത്തിന്റെ പ്രശ്നങ്ങളും കൃഷിനാശവും കാരണം ഓണം അടുക്കുന്നതോടെ സാധനവില വീണ്ടും ഇരട്ടിയാവുമെന്ന കണക്കൂട്ടലിലാണ് വ്യാപാരികള്‍. ഇതിന്റെ ഭാഗമായി കരിഞ്ചന്തയും പൂഴ്ത്തിവയ്പും വ്യാപകമായിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: