കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ കസ്റ്റംസ് തീരുവ വര്‍ധനവും സംസ്ഥാന സര്‍ക്കാറിന്റെ തെറ്റായ നികുതി നയവും കാരണം ആഭരണ വിപണി പ്രതിസന്ധിയില്‍. ആശ്വാസകരമായ ഇടപെടല്‍ ഇല്ലാത്തപക്ഷം കേരളം വിടുവാനുള്ള ഒരുക്കത്തിലാണ് ജെംസ് ആന്റ് ജ്വല്ലറി ഇന്‍ഡസ്ട്രി രംഗത്തുള്ളവരില്‍ മിക്കവരും. കേരളത്തില്‍ ഈ തൊഴില്‍ മേഖലയില്‍ പ്രത്യക്ഷമായി അഞ്ചു ലക്ഷവും പരോക്ഷമായി 15 ലക്ഷം ആളുകളും ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഏതാണ്ട് ഒരു കോടിയോളം പേര് ഈ രംഗത്ത് ഉണ്ട്.
കസ്റ്റംസ് തീരുവ 8 ശതമാനം നല്കി ഇറക്കുമതി ചെയ്യുന്ന സ്വര്‍ണം കേരളത്തില്‍ വില്‍പ്പന നടത്തുമ്പോള്‍ 5 ശതമാനം വാറ്റ് നികുതികൂടി നല്‍കണം. മറ്റു സംസ്ഥാനങ്ങളില്‍ വാറ്റ് നികുതി ഒരു ശതമാനമാണെങ്കില്‍ ഇവിടെയത് 5 ശതമാനമാണെന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഇപ്പോഴത്തെ വിലയനുസരിച്ച് പവന് നിര്മ്മാണകൂലിയടക്കം 20000 രൂപ വില വരുമ്പോള്‍ ആയിരം രൂപക്ക് മീതെ വാറ്റ് നികുതി നല്‍കണം. സാധാരണ ഉപഭോക്താക്കള്‍ ഇത്രയും നികുതി നല്കി ആഭരണം വാങ്ങാന്‍ തയ്യാറാകുന്നില്ലായെന്നാണ് സ്വര്‍ണ വ്യാപാരികള്‍ പറയുന്നത്. കോമ്പൗണ്ടിംഗ് നിയമപ്രകാരം നികുതിയടയ്ക്കുന്ന വ്യാപാരികള്‍ 2006-07 വര്‍ഷത്തില്‍ ഈ സംവിധാനം ആരംഭിച്ചതു മുതല്‍ ഓരോ വര്‍ഷവും 25 ശതമാന പ്രകാരം നികുതി വര്‍ധിപ്പിച്ചു നല്‍കുകയും വേണം. സ്വര്‍ണത്തിന്റെ വില 25 ശതമാനം കുറഞ്ഞതും വില്‍പ്പന മാന്ദ്യം ഉണ്ടാകുകയും ചെയ്ത ഇന്നത്തെ സാഹചര്യത്തിലും കഴിഞ്ഞ വര്‍ഷം അടച്ച നികുതിയുടെ 125 ശതമാനം കോമ്പൗണ്ടിംഗ് നികുതി നല്‍കണമെന്ന വ്യവസ്ഥയില്‍ സര്‍ക്കാര്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലായെന്നും മാത്രമല്ല ഉപഭോക്താവില്‍ നിന്നും ഈ നികുതി പിരിച്ചെടുക്കുവാന്‍ സാധിക്കുകയില്ലായെന്നും ഇവര്‍ പറയുന്നു. ഒരു ശതമാനം മാത്രം വാണിജ്യ നികുതിയും പര്‍ച്ചേസിന് സെറ്റ് ഓഫും ലഭിക്കുന്ന അയല്‍ സംസ്ഥാനങ്ങളിലേക്കാണ് സ്വര്‍ണവ്യാപാരം വഴി മാറുന്നത്. ഇവിടെ ഈ രംഗം പ്രതിസന്ധിയിലാകുന്നതോടെ തൊഴില്‍, സാമ്പത്തിക മേഖലയെ ഇതു പ്രതികൂലമായി ബാധിക്കും.
സ്വര്‍ണവ്യാപാരരംഗം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് കാലാകാലങ്ങളിലായി സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന പ്രഖ്യാപനമല്ലാതെ നികുതിഘടനയില്‍ മാറ്റം വരത്തുവാന് സര്‍ക്കാര്‍ തയ്യാറായിട്ടില്ലായെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ആഭരണമേഖലയിലെ നികുതിയില്‍ മാറ്റം വരുത്താതെ 2013-14 വര്‍ഷത്തെ ധനകാര്യബില്ല് സംസ്ഥാന നിയമസഭ പാസാക്കിയതോടെ പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായിരിക്കുകയാണെന്നാണ് സ്വര്‍ണ വ്യാപാരികള്‍ പറയുന്നത്.
ഇതിന് പുറമേ കേന്ദ്രസര്‍ക്കാറിന്റെ ‘സമീപനവും’ പ്രശ്നം വഷളാക്കുന്നുണ്ട്. കസ്റ്റംസ് തീരുവ 2008ല്‍ ഒരു ശതമാനത്തില്‍ താഴെയായിരുന്നത് ഈ വര്‍ഷം ജൂണ്‍ മുതല്‍ 8 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. ബാങ്കുകള്‍ മുഖേനയുള്ള സ്വര്‍ണത്തിന്റെ കൈമാറ്റം നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവും പ്രശ്നമാകുന്നുണ്ട്. ഇതുകാരണം നിയമാനുസൃതമായ സ്വര്‍ണ സ്രോതസ്സ് നഷ്ടപ്പെടുകയും വിപണിയില്‍ സ്വര്‍ണലഭ്യത കുറയുകയും ചെയ്യുന്നു. ഒപ്പം ഇതു കള്ളക്കടത്തുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും ‘സൗകര്യ’മാകുന്നതായും പറയപ്പെടുന്നു. ആഭരണ വ്യവസായത്തിന്റെ നടുവൊടിക്കുന്ന നയങ്ങളില്‍ മാറ്റം വരുത്താത്തപക്ഷം പിടിച്ചുനില്ക്കാന് കഴിയാതെ വരുമെന്നും ഇത് ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: