കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ്. നായര്‍ ഇന്നലെ കോടതിയില്‍ രഹസ്യമൊഴി നല്കി. കേസ് പരിഗണിക്കുന്ന കൊച്ചിയിലെ സാമ്പത്തിക കാര്യ കോടതിയിലെ മജിസ്ട്രേറ്റിന് മുന്നിലാണ് സരിത രഹസ്യ മൊഴി നല്‍കിയത്. സരിത പറഞ്ഞ കാര്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കാനും മൊഴിയുടെ പകര്‍പ്പിന് രേഖാമൂലം അപേക്ഷ നല്‍കാനും കോടതി ആവശ്യപ്പെട്ടതായി അവരുടെ അഭിഭാഷകന് ഫെന്നി ബാലകൃഷ്ണന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സരിതയുടെ മൊഴിയില്‍ ഒരു കേന്ദ്ര മന്ത്രിക്കെതിരെ നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ ഉള്ളതായി സൂചനയുണ്ട്.
വളരെ നിര്‍ണായകമായ മൊഴിയാണ് സരിത കോടതിയില്‍ നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട പല ഉന്നതരുടെയും പേരു വിവരങ്ങള്‍ അടക്കമുള്ള കാര്യം സരിത മജിസ്ട്രേറ്റിനോട് പറഞ്ഞതായാണ് സൂചന. കേസിന്റെ ഗതി തന്നെ മാറ്റി മറിക്കാവുന്ന കാര്യങ്ങളാണ് സരിത കോടതിയില്‍ പറഞ്ഞിരിക്കുന്നത്. തട്ടിപ്പ് കേസില്‍ അറസ്റ്റിലായപ്പോള്‍ തന്നെ സരിതയും ബിജു രാധാകൃഷ്ണനും എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്തോറും കേസിലെ മറ്റ് ഉന്നതരായ പ്രതികള്‍ക്കെതിരെ നടപടി ഉണ്ടായില്ല. മറിച്ച് അന്വേഷണം സരിത, ബിജു, ശാലുമേനോന്, ജോപ്പന് എന്നിവരില്‍ ഒതുക്കി നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതാണ് സരിതയെ പ്രകോപിപ്പിച്ചതും കോടതിയില്‍ രഹസ്യ മൊഴി നല്കാന് പ്രേരിപ്പിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സരിത നടത്തിയത് വളരെ ഗൗരവമുള്ള വെളിപ്പെടുത്തലുകളാണെന്ന് അഭിഭാഷകന് ഫെന്നി ബാലകൃഷ്ണന് പറഞ്ഞു. എന്നാല്‍ ഒന്നും പുറത്തു പറയരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സരിത സ്വമേധയാ കേസിന്റെ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. മറ്റ് കോടതി ജീവനക്കാരെയും അഭിഭാഷകരെയും മുറിക്കുള്ളില്‍ നിന്നും പുറത്തിറക്കി സരിതയുടെ അഭിഭാഷകനായ ഫെന്നിയുടെ മാത്രം സാന്നിധ്യത്തിലായിരുന്നു മൊഴിയെടുക്കല്‍. ഇത് ഏതാണ്ട് 20 മിനിട്ട് നീണ്ടു നിന്നു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് ഉച്ചയ്ക്ക് ഒന്നരയ്ക്ക് എത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മറ്റൊരു കേസില്‍ അദ്ദേഹം വേറൊരു കോടതിയിലായിരുന്നതിനാല്‍ ഹാജരായില്ല.
ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് അഭിഭാഷകനോട് സംസാരിക്കണമെന്ന് സരിത മജിസ്ട്രേറ്റിനോട് അപേക്ഷിച്ചു. തുടര്‍ന്ന് അഭിഭാഷകനോട് സംസാരിക്കാന്‍ സരിതയെ കോടതി അനുവദിച്ചു. ഇതിനുശേഷമാണ് തനിക്ക് രഹസ്യമായി കോടതിയെ ചിലത് അറിയിക്കാനുണ്ടെന്ന് സരിത പറഞ്ഞത്. അഭിഭാഷകന് വഴി ഇക്കാര്യങ്ങള്‍ അറിയിക്കാമെന്ന് സരിത പറഞ്ഞെങ്കിലും നേരിട്ട് വെളിപ്പെടുത്താന്‍ കോടതി സരിതയെ അനുവദിക്കുകയായിരുന്നു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന് മാത്രം അറിവുള്ളതും ഇതുവരെ പുറത്തുവരാത്തതുമായ കാര്യങ്ങളായിരിക്കാം സരിത പറഞ്ഞതെന്ന് നിയമവിദഗ്ധര്‍ കരുതുന്നു. ഒരുപക്ഷേ പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതു നിമിത്തം കോടതിയെ ആശ്രയിച്ചതാകാനും വഴിയുണ്ട്. എന്നാല്‍ സരിതയുടെ മൊഴി മാത്രം ആശ്രയിച്ച് കോടതി കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടു പോകുമെന്ന് കരുതാനാകില്ല. കേസിലെ മറ്റ് പ്രതികളുടെയും സാക്ഷികളുടെയും മൊഴികളും ഒപ്പം പോലീസിന്റെ കേസ് ഡയറിയിലെ വിശദാംശങ്ങളും പരിശോധിച്ചു മാത്രമേ കോടതി നടപടി സ്വീകരിക്കുകയുള്ളൂ. ഇപ്പോള്‍ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത് ചട്ടം 164 അനുസരിച്ചല്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും നിയമജ്ഞര്‍ പറയുന്നു.
കോടതി നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ സരിതയെയും ബിജുവിനെയും കൂടുതല്‍ ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് അപേക്ഷ നല്കി. എന്നാല്‍ അപേക്ഷ നിരസിച്ച കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് പത്തനംതിട്ട ജയിലിലേക്ക് അയച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: