ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മണിക്കൂറുകളോളം ശുദ്ധജല വിതരണം നിലച്ചു. പ്രസവ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ മുടങ്ങി. ഇന്നലെ പുലര്‍ച്ചെ മുതല്‍ രാവിലെ 11 വരെയാണ് ശുദ്ധജല വിതരണം മുടങ്ങിയത്. ഇതേതുടര്‍ന്ന് നിരവധി അടിയന്തര ശസ്ത്രക്രിയകളാണ് മുടങ്ങിയത്. പ്രസവ ശസ്ത്രക്രിയകള്‍ പലതും മാറ്റിവയ്ക്കേണ്ടി വന്നു.
ഇഎന്‍ടി, സര്‍ജറി, ഓര്‍ത്തോ, ഗൈനക്കോളജി വിഭാഗങ്ങളിലെ ശസ്ത്രക്രിയകള്‍ക്കാണ് തടസമുണ്ടായത്. ശുദ്ധജല വിതരണം മുടങ്ങിയത് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചു. പമ്പ് ഹൗസിലെ മോട്ടോര്‍ കേടായതാണ് ജലവിതരണം മുടങ്ങാന്‍ ഇടയാക്കിയത്. മോട്ടോര്‍ കേടായ വിവരം ജീവനക്കാര്‍ സൂപ്രണ്ട് അടക്കമുള്ളവരെ നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണി ചെയ്യാന്‍ തയാറാകാതിരുന്നതാണ് പ്രശ്നം സൃഷ്ടിച്ചത്.
രോഗികളെ രാവിലെ മുതല്‍ തന്നെ ഓപ്പറേഷന് തീയേറ്ററുകളില്‍ പ്രവേശിപ്പിച്ചിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവരെ തിരിച്ചിറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും മറ്റും അന്വേഷിച്ചപ്പോഴാണ് ശുദ്ധജലമില്ലാത്തതിനാല്‍ ശസ്ത്രക്രിയ വൈകുന്ന കാര്യം അറിയുന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍ സംഭവം രഹസ്യമാക്കുകയായിരുന്നു. സംഭവം വിവാദമായതോടെ മെഡിക്കല്‍ കോളേജില്‍ നിന്നും ആശുപത്രിയിലെ ശുദ്ധജല പ്ലാന്റിലേക്ക് വെള്ളമെത്തിച്ച് പമ്പ് ചെയ്ത് പ്രശ്നം പരിഹരിച്ചു.
പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും വെള്ളം ലഭിക്കാതെ രോഗികളും കൂട്ടിരിപ്പുകാരും മണിക്കൂറുകളോളമാണ് ബുദ്ധിമുട്ടിയത്. സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകളുടെ സൗജന്യ ഭക്ഷണ വിതരണത്തെയും ശുദ്ധജല വിതരണം തടസപ്പെട്ടത് സാരമായി ബാധിച്ചു. പിന്നീട് ആര്‍ഒ പ്ലാന്റിലെ ടാങ്കില്‍ നിന്ന് ബക്കറ്റ് ഉപയോഗിച്ച് വെള്ളമെത്തിച്ചാണ് സൗജന്യ വിതരണത്തിനുള്ള ഭക്ഷണങ്ങള്‍ തയാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: