കുട്ടനാട്: പ്രളയക്കെടുതി നേരിടുന്ന കുട്ടനാട്ടിലെ ആറ് കേന്ദ്രങ്ങളില്‍ ഇന്ന് സേവാഭാരതിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തും. മുട്ടാര്‍ യുപിഎസ്, പാണ്ടങ്കരി ശാസ്താ ഓഡിറ്റോറിയം, തലവടി വേദവ്യാസ വിദ്യാപീഠം, മങ്കൊമ്പ് ശ്രീശങ്കരാ വീദ്യാപീഠം, കൈനകരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഓഡിറ്റോറിയം, പുല്ലങ്ങടി ഹെല്‍ത്ത് സെന്ററിന് സമീപം എന്നിവിടങ്ങളിലാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജിലെയും ചങ്ങനാശേരി അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ക്യാമ്പിന് നേതൃത്വം നല്‍കും.
രാവിലെ ഒമ്പതിന് ക്യാമ്പുകള്‍ ആരംഭിക്കും. തലവടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി ഉദ്ഘാടനം ചെയ്യും. ജില്ലാ കാര്യവാഹ് എസ്.ജയകൃഷ്ണന് പങ്കെടുക്കും. പാണ്ടങ്കരിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമണി.എസ്.ഭാനു ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍.കൃഷ്ണപൈ പങ്കെടുക്കും. മങ്കൊമ്പില്‍ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കെ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്ത സഹസേവാ പ്രമുഖ് കെ.കൃഷ്ണന്‍കുട്ടി പങ്കെടുക്കും. മുട്ടാറില്‍ ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സി.എന്‍.ജിനു പങ്കെടുക്കും. കൈനകരിയില്‍ ഗ്രാമപഞ്ചായത്തംഗം എസ്.ഡി.രവി ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍.പദ്മകുമാര്‍ പങ്കെടുക്കും. പുല്ലങ്ങടിയില്‍ ഗ്രാമപഞ്ചായത്തംഗം സുജാമ്മ സണ്ണി ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സഹസംഘടനാ സെക്രട്ടറി കെ.ജയകുമാര്‍ പങ്കെടുക്കും.
ആദ്യഘട്ടത്തില്‍ രോഗനിര്‍ണയ ക്യാമ്പും മരുന്ന് വിതരണവും നടക്കും. രണ്ടാംഘട്ട പ്രവര്‍ത്തനമായി കുട്ടനാട് താലൂക്കിലെ അങ്കണവാടികള്‍, എല്‍പി, യുപി സ്കൂളുകള്‍ എന്നിവ ശുചീകരിക്കും. വീടുകളില്‍ കയറിയിറങ്ങി ബോധവല്‍ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്യും. ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്നായി 750ഓളം സേവാഭാരതി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും. ഒരുമാസത്തിലേറെയായി നീണ്ടുനിന്ന കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ഈ സാഹചര്യത്തിലാണ് സേവന പ്രവര്‍ത്തനങ്ങളുമായി സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ സേവാ പ്രമുഖ് കെ.ബിജു, കുട്ടനാട് താലൂക്ക് കാര്യവാഹ് കെ.പി.ഗിരീഷ്, എം.എസ്.മധുസൂദനന്, താലൂക്ക് സേവാ പ്രമുഖ് എസ്.ജയകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: