മുംബൈ: വിദേശ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപ്പത്രങ്ങളിലുള്ള നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തുന്നതിനായി സെബി അവസരമൊരുക്കുന്നു. 23,000 കോടിയില്‍ അധികം മൂല്യം വരുന്ന സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ലേലം നാളെ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ നടക്കുന്ന ലേലത്തിലൂടെ വിദേശ സ്ഥാപന നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തുന്നതിന് സാധിക്കും.
സര്‍ക്കാര്‍ കടപ്പത്രങ്ങളിലുള്ള നിക്ഷേപത്തിന്റെ പരിധി കഴിഞ്ഞ മാസം 42,000 കോടി രൂപവരെയായി ഉയര്‍ത്തിരുന്നു. വിദേശ സ്ഥാപന നിക്ഷേപകര്‍ ഇതില്‍ താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ലേലം നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം നടന്ന ലേലത്തില്‍ 37 സ്ഥാപനങ്ങളാണ് പങ്കെടുത്തത്.
39,171 കോടി രൂപ മൂല്യം വരുന്ന കടപത്രങ്ങളാണ് അന്ന് വിറ്റഴിച്ചത്. ഈ വര്‍ഷം നടന്ന ഏറ്റവും വലിയ കടപ്പത്ര വില്പനയാണ് കഴിഞ്ഞ മാസം നടന്നത്.
ജൂണ്‍ മുതല്‍ ഇതുവരെ 44,331 കോടി രൂപയാണ് വിദേശ സ്ഥാപന നിക്ഷേപകരില്‍ നിന്നും ഇന്ത്യയിലേക്ക് ഒഴുകിയത്. കഴിഞ്ഞ വര്‍ഷത്തെ അറ്റ നിക്ഷേപം 35,000 കോടി രൂപയായിരുന്നു.
സര്‍ക്കാര്‍ കടപ്പത്രങ്ങളിലുള്ള നിക്ഷേപ പരിധി 25 ബില്യണ്‍ ഡോളറില്‍ നിന്നും 30 ബില്യണ്‍ ഡോളറായി ഉയര്‍ത്തിയതിന് ശേഷമുള്ള രണ്ടാമത്തെ ലേലമാണ് തിങ്കളാഴ്ച നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: