മലപ്പുറം: തിരൂരില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ ഇടക്കാല ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഇടത് യുവജന സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്.
നൂറോളം പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡില്‍ കെട്ടികിടന്ന ചെളിവെള്ളം മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചവിട്ടിത്തെറിപ്പിക്കുകയും ചെയ്തു. സി.പി.എമ്മിന്റെ മൂന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
ഉദ്ഘാടനം കഴിഞ്ഞ് തിരികെപോയ മുഖ്യമന്ത്രിയെ ദേശീയ പാതയില്‍ വച്ചും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് മുന്നില്‍ വച്ചും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വെള്ളിയാഴ്ച രാത്രി ദല്‍ഹിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ആലുവ ഗസ്റ്റ് ഹൗസിലേക്ക് പോകുമ്പോഴും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു.
നെടുമ്പാശേരിയിലും ആലുവയിലും പ്രവര്‍ത്തകര്‍ പ്രകടനവും നടത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ പലയിടത്തും കരിങ്കൊടി കാട്ടുമെന്ന് ഭീഷണിയുണ്ട്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജി വെയ്ക്കും വരെ അദ്ദേഹത്തിനെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് ഡിവൈ.എഫ്.ഐ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: