കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് സിബിഐ അന്വേഷണത്തിന് വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം മുമ്പ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെയും സിപിഎം നേതൃത്വത്തെയും പരിഭ്രാന്തിയിലാക്കി. കേസില്‍ കേവലം ഏഴ് സിപിഎമ്മുകാരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് കേസെടുത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍. കേസില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ട് തലശ്ശേരി സെഷന്‍സ് കോടതി കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തിയിരുന്നു. കേസന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുവന്ന ഇടതു-വലതു സര്‍ക്കാറുകള്‍ കോടതിയുടെ നിഗമനങ്ങളെ മുഖവിലക്കെടുക്കാതിരിക്കുകയായിരുന്നു.
കേസ് തെറ്റായ രീതിയില്‍ അന്വേഷിച്ചതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണം. തെളിവുകള്‍ നശിപ്പിക്കാനുളള ശ്രമമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നും ഇവര്‍ക്കെതിരെ ഗവണ്മെന്റ് നടപടി സ്വീകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് കോടതി വിമര്‍ശിച്ചിരുന്നു. അന്നത്തെ കണ്ണൂര്‍ എസ്പി പി.എം.അബ്ദുള്‍ ഖാദര്‍, ഡിവൈഎസ്പി പി.രാമാനുജന്, പാനൂര്‍ സിഐ ദേവരാജന്‍ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. ഇവരുള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ അങ്കലാപ്പിലായിരിക്കുകയാണ്. സിബിഐ അന്വേഷണത്തോടെ സിപിഎമ്മിന്റെ ജില്ലയില്‍ നിന്നുള്ള ഉന്നതനേതാക്കള്‍ അടക്കം കുടുങ്ങുമെന്നത് സിപിഎമ്മിനെയും പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.
താനും കേസില്‍ ശിക്ഷിക്കപ്പെട്ട അച്ചാറമ്പത്ത് പ്രദീപനെന്ന ഒന്നാം പ്രതിയുമൊഴികെ മറ്റുള്ള പ്രതികളൊന്നും കൊലപാതകത്തില്‍ പങ്കാളികളായ യഥാര്‍ത്ഥ പ്രതികളല്ലെന്നും യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി സിപിഎം നേതൃത്വം നല്കിയ ലിസ്റ്റ് പ്രകാരം നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയായിരുന്നുവെന്നും ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ ടി.കെ.രജീഷ് വെളിപ്പെടുത്തിയിരുന്നു. വിക്രമന്, അനൂട്ടി, പ്രഭുലാല്‍, മനോഹരന്, സുജിത്ത്, നാസര്‍, മധു, ഷാജി, സന്തോഷ്, രാഘവന്, ബാലന് എന്നിവരും താനും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നായിരുന്നു മൊഴി.
കേസില്‍ 7 പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ ഒരാളെ സെഷന്‍സ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിടുകയും മറ്റൊരാള്‍ വിചാരണ വേളക്കിടെ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ബാക്കിയുള്ള അഞ്ചു പേര്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി വധശിക്ഷ ശരിവെക്കുകയും ചെയ്തു. എന്നാല്‍ സുപ്രീം കോടതി നാലു പേരെ വെറുതെ വിടുകയും ഒന്നാം പ്രതി അച്ചാറമ്പത്ത് പ്രദീപന്റെ ശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്യുകയുമായിരുന്നു. ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രദീപന് ശിക്ഷാ കാലാവധിക്കിടെ ഭരണസ്വാധീനത്തില്‍ ശിക്ഷാ ഇളവ് സംബന്ധിച്ച് പുറത്തിറങ്ങുകയും ചെയ്തു.
ടി.കെ.രജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോടതിയുടെ അനുമതിയോടെ കേസിന്റെ പുനരന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.പി.ഷൗക്കത്തലി പോലീസിന്റെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുള്പ്പെടെ പ്രമുഖര്‍ അന്വേഷണ പരിധിയില്‍ വരുമെന്നും ഇവര്‍ക്ക് കേസ് അട്ടിമറിക്കുന്നതിള്ള പങ്ക് അന്വേഷിക്കാനവില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ജയകൃഷ്ണന് മാസ്റ്ററുടെ അമ്മ കൗസല്യ, ഗണ്മാന് വാസുദേവന്‍ നമ്പൂതിരി, ക്ലാസ് മുറിയിലുണ്ടായിരുന്ന കുട്ടികള്‍, കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ തുടങ്ങി എണ്‍പതോളം പേരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. രജീഷിനെ നാലു തവണ ജയിലിലെത്തി ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. ആദ്യം ശിക്ഷിക്കപ്പെട്ട നാലു പ്രതികള്‍ നിരപരാധികളാണെന്നതിനാല് പാര്‍ട്ടിക്കുള്ളില്‍ ശിക്ഷ വന്ന നാളുകളില്‍ വന്‍ പ്രതിഷേധത്തിന് കാരണമായതായും റിപ്പോര്‍ട്ടിലുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: