വാഷിങ്ങ്ടണ്‍: ദക്ഷിണേഷ്യയെ സംബന്ധിച്ച കാര്യങ്ങളുടെ ചുമതലയുള്ള യുഎസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജയായ നിഷാ ബിസ്വാളിനെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ചു.
ഇനി സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യന്‍ വംശജയെന്ന ബഹുമതി നിഷയ്ക്ക് സ്വന്തമാകും. ബോബി ജിന്‍ഡാല്‍, റിച്ചാര്‍ഡ് വര്‍മ, കരണ്‍ ഭാട്ടിയ, സുരേഷ് കുമാര്‍ എന്നിവര്‍ക്കു പിന്നാലെ അസിസ്റ്റന് സെക്രട്ടറി സ്ഥാനത്തെത്തുന്ന ഇന്ത്യന്‍ വംശജകൂടിയാണ് നിഷ.
സാധാരണയായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ദക്ഷിണേഷ്യന്‍ ബ്യൂറോയുടെ തലപ്പത്ത് അമേരിക്കകാരെ മാത്രമേ നിയമിക്കാറുള്ളു. അതിനാല്‍ത്തന്നെ നിഷയുടെ സ്ഥാനലബ്ധി അപ്രതീക്ഷിതമെന്ന് വിലയിരുത്തപ്പെടുന്നു.
വിര്‍ജീനിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയിട്ടുള്ള നിഷ തൊണ്ണൂറുകളുടെ മധ്യത്തില്‍ അമേരിക്കന്‍ റെഡ് ക്രോസിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. നിലവില്‍ യുഎസ്എയ്ഡില് (യുണൈറ്റഡ് സ്റ്റേറ്റ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലെപ്മെന്റ്) സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പുതിയ ദൗത്യം മികവോടെ പൂര്‍ത്തീകരിക്കാനാവുമെന്ന് നിഷ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: