കൊല്ലം: ഒപിക്ക് അഞ്ച് രൂപ, രക്തപരിശോധനയ്ക്ക് പത്തു രൂപ. ചികിത്സ പൂര്‍ണമായും സൗജന്യം.
കലിയുഗവരദന്റെ തിരുനടയില്‍ നിന്നു സേവനത്തിന്റെ മികച്ച മാതൃകയായി ഒരു ആശുപത്രി. കല്ലുവാതുക്കല്‍ ഓം ബ്രഹ്മക്ഷേത്രത്തിന്റെ ഭൂമിയിലാണ് ഓം തത്വമസി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ പ്രവര്‍ത്തനം. ഔപചാരിക ഉദ്ഘാടനം നാളെ എംപി എന്‍.പീതാംബരക്കുറുപ്പ് നിര്‍വഹിക്കും.
ആരോഗ്യപൂര്‍ണ സമൂഹത്തിന്റെ അടിത്തറയാണ് ക്ഷേത്രമെന്ന കാഴ്ചപ്പാടിലാണ് സുധീര്‍ രാഘവനെയും ശിവാനന്ദത്തെയും പോലുള്ള അയ്യപ്പഭക്തന്മാര് ഇത്തരം ഈ മാതൃകാസംരംഭത്തിന് തുടക്കം കുറിച്ചത്.
നാളേയ്ക്കുള്ള കരുതല്‍ എന്ന നിലയില്‍ മാത്രമാണ് അഞ്ചു രൂപ, പത്തു രൂപ ഫീസ് പോലും ഈടാക്കുന്നത്. ഭാരിച്ച ചികിത്സാചെലുകളില് നിന്നു സമൂഹത്തെ രക്ഷിക്കണമെന്ന ഉദ്ദേശ്യവും ഓംടിംസിനുണ്ട്.
കല്ലുവാതുക്കല്‍ ഓംബ്രഹ്മക്ഷേത്രം അനുവദിച്ച ഭൂമിയിലാണ് അയ്യപ്പഭക്തന്മാരുടെ സഹായത്തോടെ ഓട്ട്പേഷ്യന്റ് ക്ലീനിക് ആരംഭിച്ചത്. പ്രസിദ്ധരായ നിരവധി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ഈ ആശുപത്രിയില്‍ സൗജന്യസേവനം നടത്താനായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ ഈ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും രോഗിക്ക് ചെലവ് താങ്ങാന്‍ പറ്റാതെവരികയാണെങ്കില് അവര്‍ക്ക് ചികിത്സാ സഹായം ചെയ്യാനുള്ള സംവിധാനവും ഭക്തന്മാര് ഒരുക്കും. അങ്ങനെ ഈ ക്ലീനിക് സ്വയം പര്യാപ്തമായിക്കഴിഞ്ഞാല് സമീപത്തുള്ള മറ്റു ഗ്രാമങ്ങളിലും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ഇതേ രൂപത്തിലുള്ള ക്ലീനിക്കുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അങ്ങനെയുള്ള അഞ്ചോ ആറോ ക്ലീനിക്കുകള്‍ ഉള്‍പ്പെടുന്ന ഒരു ശൃംഖലയ്ക്ക് ഒരു റഫറല്‍ ആശുപത്രി സ്ഥാപിക്കാനും ഉദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: