പ്രഭാതത്തിന്റെ കിളിപ്പേച്ചുകള്ക്കൊപ്പം ലോകമെമ്പാടുമുള്ള വാര്‍ത്തയുടെ പൂട്ടു തുറക്കുന്ന പത്രത്താളുകള്‍ സമ്മാനിച്ച് കടന്നുപോകുന്ന വിതരണ കണ്ണികളെ ഓര്‍ക്കാന്‍ ആര്‍ക്ക് നേരം. രാവിലെ ഉണരുമ്പോള്‍ പത്രം വായിക്കാന്‍ കിട്ടിയില്ലെങ്കില്‍ ഉണ്ടാകുന്ന പുകിലാകും പത്രവിതരണക്കാരന്റെ വീട്ടിലെ ഏറ്റവും വലിയ വാര്‍ത്ത. പത്രം കിട്ടിയില്ലെങ്കില്‍ ഭ്രാന്തെടുക്കുന്നവര്ക്കറിയാം പത്രത്തിനും വായനക്കാരനുമിടയിലെ മീഡിയമായ ഈ ഫോര്‍ത്ത് എസ്റ്റേറ്റ് ജനകീയന്റെ വില.
കൊച്ചി വൈപ്പിന്‍സ്വദേശിയായ പത്രവിതരണക്കാരന് ജോയിയുടെ കഥ ഏറെ ദയനീയമാണ്. സൈക്കിള്‍ ചക്രം പോലെ മാറ്റമില്ലാതെ ഉരുണ്ട് പോകുന്നൊരു ജീവിതം. 22 വര്‍ഷമായി സൈക്കിളില്‍ 50 കി.മീറ്ററോളം പത്ര വിതരണം നടത്തി കുടുംബം പോറ്റിയിരുന്ന ജോയിയ്ക്ക് അപ്രതീക്ഷിതമായി കടന്നുവന്ന രോഗമാണ് തിരിച്ചടിയായത്. ഡോക്ടര്‍ പറഞ്ഞു, തലയില്‍ ഓപ്പറേഷന് ചെയ്യണമെന്നും ഉള്ളിലുള്ള പഴുപ്പ് നീക്കം ചെയ്യണമെന്നും. ആദ്യം ഒന്നു പകച്ച് പോയെങ്കിലും അനിവാര്യമായതിനാല്‍ ശസ്ത്രക്രിയവഴി പഴുപ്പ് എടുത്തു കളഞ്ഞു. നീണ്ട ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. പക്ഷെ ജീവിക്കണം. ഭാര്യയും മകനും അടങ്ങിയ സാധാരണ കുടുംബം എന്ത് ചെയ്യും…
ആകെ പകച്ചുപോയ ആ അവസരത്തില്‍ ഭര്‍ത്താവിന്റെ പ്രയാസം കണ്ട് വിഷമിച്ചിരിക്കാന്‍ കൂട്ടാക്കാതെ സധൈര്യം ഒരാള്‍ മുന്നോട്ട് വന്നു. ജോയിയുടെ ഭാര്യ സില്‍വി ജോയി. ജീവിതത്തില്‍ പരസ്പ്പരം സഹായിക്കേണ്ട, ഏത് ആപത്തിലും കൈത്താങ്ങാകേണ്ട, സുഖത്തിലും ദുഃഖത്തിലും പാതി പങ്കിടുന്ന ദേവതയാകുകയായിരുന്നു ജോയിക്ക് സില്‍വി. എന്തൊക്കെ വന്നാലും ഒരു കൈത്താങ്ങായി താന്‍ കൂടെയുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു ആ സഹധര്‍മിണി. പിന്നെ താമസിച്ചില്ല. ഭര്‍ത്താവിനെപ്പോലെ സൈക്കിളില്‍ പത്ര വിതരണം ചെയ്യാന്‍ തീരുമാനമെടുത്തു. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നുവെങ്കിലും ഇപ്പോള്‍ ഈ രംഗത്ത് ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് സില്‍വി.
വെളുപ്പിന് 2.30 ന് പത്ര വിതരണം തുടങ്ങും. ജോയി പത്രക്കെട്ടുകള്‍ നേരെ കൈയില്‍ വാങ്ങും. പിന്നെ രണ്ടാളും കൂടി തരംതിരിച്ച് കൃത്യമായ രീതിയില്‍ അടുക്കിവെയ്ക്കും. എല്ലാം റെഡിയാക്കി സില്‍വി സ്കൂട്ടറില്‍ യാത്രാവും. തീരുമ്പോള്‍ ഒമ്പതുമണി, ജോയി ഭാര്യ വരുന്നതുവരെ വഴിയിലേക്ക് കണ്ണുംനട്ട് കാത്തിരിക്കും, ഒരാപത്തും വരുത്തരുതേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ച്…
ജോലിയെളുപ്പത്തിനാണ് സില്‍വി സ്കൂട്ടര്‍ സംഘടിപ്പിച്ചത്. സമയക്കുറവ് വളരെ അലട്ടുന്നതായി അവര്‍ പറഞ്ഞു. വേനലില്‍ പത്രവിതരണം എളുപ്പമാണ്, ഓരോ വീട്ടിലും എറിഞ്ഞുകൊടുത്തു പോകാം. മഴ കടുകട്ടിയാണ്. വീടിന്റെ ഗേറ്റിനുമുന്നില്‍ പൈപ്പില്‍ പത്രം ചുരുട്ടി നനയാതെ വയ്ക്കണം. സമയം വല്ലാതെ നീണ്ടുപോകും. ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ പത്രത്താളുകളിലെ മഷിപുരണ്ട് കൈ കറുത്തിരിക്കും. എങ്കിലും ദൈവം കരുണയുള്ളവനാണെന്നാണ് സില്‍വിയുടെ പക്ഷം. എല്ലാവരും ഹൃദ്യമായി പെരുമാറുന്നു. ജോലി കഴിഞ്ഞെത്തുന്ന സില്‍വിയെ കാണുമ്പോള്‍ ജോയിയുടെ മുഖത്ത് ആയിരം പൂത്തിരികത്തുന്നതുപോലെ. പിന്നെ മകനെ സ്കൂളില്‍ അയയ്ക്കുന്ന തിരക്ക്. എല്ലാം കഴിഞ്ഞ് ചായകുടിക്കുമ്പോള്‍ സമയം ഒരു മണി. ഊണ് നാല് മണിക്ക്. സമയക്കുറവ് വളരെ അലട്ടുന്നതായി അവര്‍ പറഞ്ഞു.
തിരക്കിട്ട ജീവിതത്തില്‍ മകന് നവീനിനെ നന്നായി പഠിപ്പിക്കുന്നതും ഭര്‍ത്താവിനെ സഹായിക്കുന്നതും ഏറെ സന്തോഷം നല്‍കുന്നുവെന്ന് സില്‍വി പറഞ്ഞു. ഇതൊക്കെയാണെങ്കിലും ജോയിയുടെ അസുഖം സില്‍വിയ്ക്ക് നൊമ്പരമാണ്. ഒപ്പം കഴിഞ്ഞ ഒമ്പതുവര്‍ഷമായി പണിയെടുക്കുമ്പോഴും ഒരു നല്ല വീടിനായുള്ള ആഗ്രഹം മനസ്സില്‍ താലോലിക്കുകയാണ്. ചെറിയ ഭംഗിയുള്ള ഒരു വീട്. മകന്റെ പഠനവും ഭര്‍ത്താവിന്റെ ചികിത്സാ ചെലവുമൊാക്കെയാകുമ്പോള് ആ സ്വപ്നം തത്ക്കാലത്തേക്ക് മാറ്റിവെച്ച് കഠിന പ്രയത്നം ചെയ്യേണ്ടിവരുന്നു സില്‍വിക്ക്.
സി.എസ്.ഭരതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: