തിരുവന്തപുരം; സോളാര്‍ തട്ടിപ്പ് കേസിലെ സരിതാ നായരെ അറസ്റ്റ് ചെയ്യുന്നതിന് രണ്ട് മാസം മുമ്പ് രേഖകള്‍ സഹിതം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്ന് തട്ടിപ്പിന് ഇരയായ വ്യവസായി ടി.സി മാത്യുവിന്റെ വെളിപ്പെടുത്തല്‍. സരിതയുമായി ചില മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ സഹായികളായ ജോപ്പനും ജിക്കുവിനും അടുത്ത ബന്ധമുണ്ടെന്ന് താന്‍ അന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രി നടപടി ഒന്നും സ്വീകരിച്ചില്ലെന്നും ടി.സി മാത്യു പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് മുപ്പതിനാണ് ടി.സി മാത്യു മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയത്. ബഹുമാനത്തോടെ മാത്രം തന്നോട് സംസാരിച്ചിരുന്ന സരിത മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിന് ശേഷം തന്നെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. മാത്രമല്ല താന്‍ പറയാതെ മുഖ്യമന്ത്രി ഇടംവലം തിരിയില്ലെന്നും താന്‍ വിചാരിച്ചാല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയുമെന്നും സരിത വെളിപ്പെടുത്തിയിരുന്നതായി മാത്യം പറഞ്ഞു.
പരാതി പറയുന്നതിനായി മുഖ്യമന്ത്രിയുടെ വസതിയില്‍ ചെന്നപ്പോള്‍ മുഖ്യമന്ത്രി അവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഭാര്യയോട് വിവരങ്ങള്‍ പറഞ്ഞപ്പോള്‍ പണം തിരികെ കിട്ടാന്‍ പ്രാര്‍ത്ഥിക്കാമെന്ന് പറഞ്ഞതായും മാത്യു പറഞ്ഞു. സരിതയുടെ ഉന്നത ബന്ധങ്ങള്‍ കണ്ടിട്ടാണ് പണം നല്‍കിയതെന്നും ഗണേഷ് കുമാറുമായും അടുത്ത ബന്ധമാണ് സരിത പുലര്‍ത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷിനെ വിളിക്കാന്‍ പ്രത്യേക ഫോണ്‍ ഉണ്ടായിരുന്നു. പ്രൈവറ്റ് നമ്പര്‍ എന്നു മാത്രമാണ് ഇതില്‍ തെളിഞ്ഞു വരികയെന്നും പലപ്പോഴും ലൗഡ് സ്പീക്കറിലും മറ്റും ഇട്ട് ഇതു കേള്പ്പിച്ചിരുന്നതായും മാത്യു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: