തിരുവനന്തപുരം: യുവമോര്‍ച്ച നേതാവായിരുന്ന കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഇതുസംബന്ധിച്ച് ഡിജിപി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ഫയലില്‍ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പുവച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ജയകൃഷ്ണന്മാസ്റ്ററുടെ മാതാവും ബിജെപിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
1999 ഡിസംബര്‍ ഒന്നിനാണ് ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ്മുറിയില്‍ കയറി കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. സമാനതകളില്ലാത്ത ക്രൂരമായ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപന്, സുന്ദരന്‍, ഷാജി, ദിനേശ്ബാബു, രാജന്, കെ.കെ. അനില്‍കുമാര്‍, പറയങ്കണ്ടി സജീവന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ സുന്ദരന്‍, രാജന് എന്നിവരെ തെളിവിന്റെ അഭാവത്തില്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. സജീവന് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവരെ സെഷന്‍സ്കോടതി വധശിക്ഷയ്ക്ക് വിധിച്ചു.
എന്നാല്‍ അപ്പീല്‍ കോടതി ഇവരുടെ ശിക്ഷ ജീവപര്യന്തമാക്കി. കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ പ്രദീപന് ഒഴിച്ചുള്ളവര്‍ കുറ്റവിമുക്തരായി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രദീപനെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പെ പി. ജയരാജന്, പി.ശശി എന്നിവരടങ്ങിയ ജയില്‍ ഉപദേശകസമിതി നല്കിയ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വിട്ടയക്കുകയായിരുന്നു.
ടി.പി.ചന്ദ്രശേഖരന് വധിക്കപ്പെട്ട കേസില്‍ പിടിയിലായ ടി.കെ. രജീഷ് താനുള്‍പ്പെടെ 16 പേരായിരുന്നു ജയകൃഷ്ണന്മാസ്റ്ററെ വധിച്ച കേസിലെ പ്രതികളെന്നും ഇതില്‍ അച്ചാരുപറമ്പില്‍ പ്രദീപന് മാത്രമാണ് പിടിക്കപ്പെട്ടവരിലെ യഥാര്‍ത്ഥ പ്രതിയെന്നും നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷിക്കണമെന്ന നിവേദനം സര്‍ക്കാരിന്റെ മുന്നിലെത്തിയത്. അന്ന് പ്രതികളുടെ പട്ടിക പാര്‍ട്ടി ഓഫീസില്‍ നിന്നും തയ്യാറാക്കി നല്‍കുകയായിരുന്നുവെന്നും രജീഷ് മൊഴിയില്‍ പറഞ്ഞിരുന്നു.
കേസ് അട്ടിമറിച്ചതിന് ഉന്നത് പോലീസുകാരുള്‍പ്പെടെ പ്രതിക്കൂട്ടിലാകുമെന്നതിനാല്‍ സിബിഐ അന്വേഷണത്തിന് വിടുന്നതിന് പോലീസിന്റെ ഭാഗത്തുനിന്നും എതിര്‍പ്പുണ്ടായിരുന്നു. തുടരന്വേഷണത്തിന്റെ സാധ്യത സര്‍ക്കാര്‍ ്രെകെംബ്രാഞ്ചിനോട് ആരാഞ്ഞെങ്കിലും അന്വേഷണം നടക്കില്ല എന്ന മറുപടിയാണ് അവര്‍ നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ സിബിഐ സ്വീകരിക്കുന്ന നിലപാടും പ്രധാനമാണ്.
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പിടിയിലായ രജീഷ് നല്കിയ മൊഴിയെ തുടര്‍ന്ന് ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസ് സിബിഐക്ക് വിടാന്‍ കഴിഞ്ഞ വര്‍ഷംതന്നെ തീരുമാനമായതാണ്. സിപിഎമ്മിനെ പ്രതിക്കുട്ടിലാക്കാനായിരുന്നു ഇത്. എന്നാല്‍ കേന്ദ്രത്തോട് ആവശ്യപ്പെടാതെ വെച്ചുതാമസിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: