ഹരിപ്പാട്: നിയന്ത്രണംവിട്ട കാര്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി ഒരു വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ മരിച്ചു. മൂന്ന് വിദ്യാര്‍ഥികളെയും ഡ്രൈവറെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുവാറ്റ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി കരുവാറ്റ പയ്യാരത്ത് വീട്ടില്‍ സഹദേവന്-മിനി ദമ്പതികളുടെ മകന് അശ്വിന് ദേവ് (13), കാറിന്റെ ഉടമയും യാത്രികനുമായ തോട്ടപ്പള്ളി ശ്രീഭവനില്‍ രവി (60) എന്നിവരാണ് മരിച്ചത്. രവിയും കുടുംബവും ഇപ്പോള്‍ പല്ലന പെലത്തറപീഠികയിലാണ് താമസിക്കുന്നത്.
കരുവാറ്റ സ്കൂളിലെ വിദ്യാര്‍ഥികളായ കരുവാറ്റ ചെറുകാട്ടില്‍ ശിശുപാലന്റെ മകന് ശ്രീജിത് (13), താമല്ലാക്കല്‍ സജിത് ഭവനില്‍ ഷാജിയുടെ മകന് സജിത് (13), കരുവാറ്റ മണലില്‍ കിഴക്കേതില്‍ ചന്ദ്രബാബുവിന്റെ മകന് ആദര്‍ശ് (13), കാര്‍ ഡ്രൈവര്‍ തോട്ടപ്പള്ളി ഗിരിരാജന്‍ ചിറയില്‍ സജി (41) എന്നിവരെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശിയപാതയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ ഉച്ചയൂണിന് ശേഷം റോഡരികിലൂടെ സ്കൂളിലേക്ക് നടക്കുമ്പോള്‍ നിയന്ത്രണംവിട്ട് കാര്‍ ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിലും മരത്തിലുമിടിച്ചാണ് നിന്നത്. നാട്ടുകാര്‍ ഇതുവഴി വന്ന വാഹനം തടഞ്ഞുനിര്‍ത്തി അശ്വിന് ദേവിനെയടക്കമുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ അശ്വിന് ദേവ് മരിച്ചു. രവിയുടെയും അശ്വിന്റെയും മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അക്ഷയ് ദേവാണ് അശ്വിന്റെ സഹോദരന്. രാധയാണ് രവിയുടെ ഭാര്യ. മക്കള്‍: അമ്പിളി, അഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: