ഇടുക്കി: ശിശുരോദനങ്ങള് തുടരുകയാണ് മലയോര ജില്ലയില്‍. ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് നാലു കുട്ടികള്‍. ഏറ്റവും ഒടുവില്‍ മരിച്ച 13കാരി ദേവിക്ക് പിന്നാലെ നാടിന്റെ വേദനയായി ഇപ്പോഴിതാ അഞ്ചു വയസുകാരന് ഷഫീഖും. ഉറങ്ങിക്കിടക്കുമ്പോള്‍ മുത്തശി തീകൊളുത്തി ഒന്നര മാസം വേദന തിന്ന് മരണത്തിലേക്ക് നടന്ന തൊടുപുഴ കോലാനി പാറക്കടവ് ചേരി കോളനിയില്‍ ശെല്‍വന്റെ മകള്‍ ദേവി (മുത്ത്-13) മരിച്ചതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. അപ്പോഴാണ് പിതാവിന്റെ രണ്ടാനമ്മയുടെയും ക്രൂരതക്കിരയായ ഷെഫീഖ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവിതത്തിനും മരണത്തിനുമിടയിലുളള നൂല്പാലത്തില് കഴിയുന്നത്.
പീരുമേട് തോട്ടം തൊഴിലാളി കുടുംബത്തിലെ 15കാരി സത്യ തമിഴ്നാട്ടില്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് മരിച്ചത് കഴിഞ്ഞ ജൂലൈയില്‍.വണ്ടിപ്പെരിയാര്‍ വളളക്കടവില്‍ വീട്ടിനുള്ളില്‍ കിടന്നുറങ്ങിയ സഹോദരങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ തീപ്പൊള്ളലേറ്റു മരിച്ചത് കഴിഞ്ഞ മാര്‍ച്ചില്‍. സംഭവത്തിന് പിന്നില്‍ കുട്ടികളുടെ മാതാവിന്റെ കാമുകനെ സംശയിച്ചെങ്കിലും ഇനിയും പിടികൂടിയിട്ടില്ല.
മാര്‍ച്ച് മൂന്നിന് വൈകിട്ടാണ് വീട്ടില്‍ ഉറങ്ങുകയായിരുന്ന ദേവിയുടെ ശരീരത്തില്‍ മുത്തശ്ശി ഭവാനി മണ്ണെണ്ണ ഒഴിച്ചശേഷം തീ കൊളുത്തിയത്.. ദേവിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളം ഒഴിച്ച് തീ കെടുത്തി. വീടിനുള്ളില്‍നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും പകുതിയായ മദ്യക്കുപ്പിയും കണ്ടെടുത്തിരുന്നു. അമ്മ ഉപേക്ഷിച്ചുപോയ ദേവിയെ വളര്‍ത്തിയത് മുത്തശ്ശി ഭവാനി തന്നെയായിരുന്നു. ദേവിയുടെ അച്ഛന് ശെല്‍വം വീട്ടിലേക്ക് വരാറില്ലായിരുന്നു. കോടിക്കുളം കൊടുവേലി അനാഥാലയത്തിന്റെ സ്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ദേവി. ഏപ്രില്‍ 12ന് ദേവി മരിച്ചു.
പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ മകളും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സത്യയെ കഴിഞ്ഞ ജൂലൈയിലാണ് തേനിയില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിന് ഒരാഴ്ച മുമ്പായിരുന്നു സത്യ തമിഴ്നാട്ടില്‍ മുന്‍ ഡി.എം.കെ എം.എല്‍.എ രാജ്കുമാറിന്റെ മകളുടെ വീട്ടില്‍ ജോലിക്കെത്തിയത്. മകളെ എം.എല്‍.എയുടെ മകളുടെ കൂടെ സ്കൂളില്‍ അയക്കാമെന്ന് പറഞ്ഞാണ് ജോലിക്ക് കൊണ്ടുപോയത്. എന്നാല്‍ അവിടെ ഇളം മേനി പലരുടെയും കാമവെറിക്ക് ഇരയായി. സംഭവത്തില്‍ മുന്‍ എം.എല്‍.എ അടക്കം അറസ്റ്റിലായി.
വണ്ടിപ്പെരിയാര്‍ വള്ളക്കടവ് പൊന്നഗര് കോളനിയില്‍ തങ്കവേലുവിന്റെ മക്കളും വള്ളക്കടവ് വഞ്ചിവയല്‍ ഗവ.ട്രൈബല്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായ ഭഗവതി (16), ശിവ (12) എന്നിവരാണ് മാര്‍ച്ച് 21ന് പൊളളലേറ്റ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. സംഭവ സമയത്ത് ഭഗവതിയും, ശിവയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കുട്ടികളുടെ മാതാവ് വെണ്ണില ഒരുവര്‍ഷംമുമ്പ് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് സമീപത്തുള്ള മറ്റൊരു യുവാവിനൊപ്പമാണ് താമസം. വീടിനുള്ളില്‍ കിടന്നുറങ്ങുമ്പോള്‍ കുട്ടികളുടെ മേല്‍ തീപടരുകയായിരുന്നു. പുലര്‍ച്ചേ കുട്ടികളുടെ അലര്‍ച്ച കേട്ടെത്തിയ അയല്‍വാസികളാണ് തീപ്പൊള്ളലേറ്റ് പിടയുന്ന കുട്ടികളെ കണ്ടത്. ഉച്ചയോടെ രണ്ടുപേരും മരിച്ചു. മാതാവിന്റെ കാമുകനും മരിച്ച ഭഗവതിയും തമ്മില്‍ സംഭവ ദിവസം വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായതായിരുന്നു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്.
ആറു വര്‍ഷം മുമ്പ് നാട്ടുകാര്‍ രക്ഷിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ രാജാക്കാട് കരുണാ ഭവനില്‍ കൂട്ടുകാര്‍ക്കൊപ്പം പഠിച്ചും കളിച്ചും വളരുന്ന 13കാരന് ആരോമലിന്റെ വിധിയും ഇതായേനെ. ജന്മം നല്കിയവര് അവന് മൂന്നാം വയസില്‍ നല്കിയ പീഡനത്തെക്കുറിച്ച് അവന് മറന്നു കഴിഞ്ഞിരിക്കുന്നു. ആറു മാസം പട്ടിക്കൊപ്പം ചങ്ങലക്കിട്ടാണ് ആരോമലിനെ വളര്‍ത്തിയത്. നെടുങ്കണ്ടം മാവടിയിലെ വീട്ടുവരാന്തയില്‍ നിന്നും 2007 ഒക്ടോബര്‍ 19ന് അവനെ നാട്ടുകാരാണ് രക്ഷിച്ചത്. പിതാവ് നെടുങ്കണ്ടം മാവടി കൈലാസം കൊച്ചുപുരക്കല്‍ ബെന്നി(27), ഒപ്പം താമസിച്ചിരുന്ന മഞ്ജു(25) എന്നിവരെപോലീസ് അറസ്റ്റ് ചെയ്തിരുന്നു. പട്ടിക്കൊപ്പം കഴിയുന്ന ആരോമലിന്റെ ദൈന്യചിത്രം അന്നു വന്‍ വാര്‍ത്തയും വേദനയുമായി.
ചാണകം മെഴുകിയ വീടിന്റെ മുന്‍വശത്ത് കെട്ടിയ ചങ്ങലയുടെ ഒരറ്റത്ത് നായയും മറ്റേ അറ്റത്ത് കുട്ടിയെയും ബന്ധിച്ച ശേഷമാണ് മാതാപിതാക്കള്‍ കൂലിപ്പണിക്ക് പോയിരുന്നത്. അതിക്രൂരമായ പീഡനങ്ങളാണ് അച്ഛനില്‍ നിന്നും ആരോമല്‍ ഏറ്റുവാങ്ങിയിരുന്നത്. കുട്ടിയുടെ വലതുകൈപ്പത്തി ചട്ടുകം കൊണ്ട് പൊളളിച്ചിരുന്നു. ദേഹമാസകലം സിഗരറ്റ് കുറ്റി കൊണ്ട് കുത്തിയ പാടുണ്ടായിരുന്നു. ബെന്നി സിഗരറ്റ് കുത്തിക്കെടുത്തിയിരുന്നത് തന്റെ ദേഹത്താണെന്ന് ആരോമല്‍ അന്നു പേടിയോടെ പറഞ്ഞു. കരുണാ ഭവനില്‍ ഇന്നു സന്തുഷ്ടനാണ് ആരോമല്‍.
പൂവത്തിങ്കല്‍ ബാലചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: