കൊച്ചി: ആറന്മുള വിമാനത്താവളം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം പരിഹാസ്യവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്നു ആറന്മുളപൈതൃകഗ്രാമകര്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു.
നെല്‍വയല്‍, നീര്‍ത്തടം, ഭൂപരിധി, പരിസ്ഥിതി തുടങ്ങിയവയുടെ സംരക്ഷണത്തിനായി നിലവിലുള്ള 13 ല്‍പരം നിയമങ്ങള്‍ പരസ്യമായി ലംഘിച്ചാണ് ആറന്മുളയില് കുറെ വയല്‍ നികത്തിയത്. വിമാനത്താവളം പണിയുന്നതിനെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ക്രമക്കേടുകളും വീഴ്ചകളും ഒട്ടനവധിയുണ്ടെന്നാണ് ലാന്‍ഡ് റെവന്യൂ കമ്മീഷണറുടെ കണ്ടെത്തല്‍. കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഇന്നേവരെ അനുമതി നല്‍കിയിട്ടില്ല. നിയമവും കീഴ്വഴക്കങ്ങളും ലംഘിച്ച ഒരു കോര്‍പ്പറേറ്റ് കമ്പനിക്കു വേണ്ടി മുഖ്യമന്ത്രി വാദിക്കുന്നത് സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാധ്വംസനവുമാണെന്നു രാജശേഖരന് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ കൃഷിഭൂമി 2 ലക്ഷം ഹെക്ടറില്‍നിന്നും മൂന്നര ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കണമെന്നു കാര്ഷികോത്പാദനകമ്മീഷണറും ആറന്മുളയില് നിര്‍മാണജോലി പാടില്ലെന്നു ഹൈക്കോടതിയും വ്യക്തമാക്കിയ അതേ ദിവസം തന്നെയാണ് മുഖ്യമന്ത്രി ആറന്മുളയിലെ നെല്പാടങ്ങളും നീര്‍ത്തടങ്ങളും വിമാനത്താവളത്തിനുവേണ്ടി നികത്തുമെന്നു പ്രഖ്യാപിച്ചത്.
റണ്വേയ്ക്കല്ലാതെ ഒരിഞ്ചു ഭൂമിപോലും നികത്തില്ലെന്നു പറയുന്ന അദ്ദേഹം റണ്വേയ്ക്കല്ലാതെ മേറ്റ്ന്തിനുവേണ്ടിയാണ് നികത്തേണ്ടത് എന്നു കൂടി വ്യക്തമാക്കണം. 4 കിലോമീറ്റര്‍ ദൂരം വരുന്ന റണ്‍വേയ്ക്ക് വേണ്ടി ഇനിയും നൂറുകണക്കിനു ഏക്കര്‍ നെല്പാടം നികത്താന്‍ വിരോധമില്ലെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. കൊടും വരള്‍ച്ചയുടെ ദുരന്തപാഠങ്ങള്‍ ഇനിയും കേരള മുഖ്യമന്ത്രി പഠിച്ചിട്ടില്ലെന്നുവേണം അനുമാനിക്കാന്‍. പമ്പയുടെ തീരത്തുള്ള ആറന്മുള നീര്‍ത്തടവും നെല്‍വയലും മണ്ണിട്ടുനികത്തിയാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതം അദ്ദേഹത്തിനു വിഷയമല്ല. വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നാടു വിറ്റു തുലയ്ക്കുന്നതിലാണ് താത്പര്യം. ഭക്ഷ്യസുരക്ഷാ പദ്ധതിയെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്നവരാണ് ഭക്ഷ്യവിളകളെ മുഴുവന്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നത്. അന്നവുംവെള്ളവും മുട്ടിക്കുന്ന സര്‍ക്കാരിന്റെ ധിക്കാരപരമായ നടപടിക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തും. ആറന്മുളനെല്പാടം മണ്ണിട്ടുമൂടുകയല്ല, കൃഷി ചെയ്ത് വിളവെടുത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് ആവശ്യം. ഇതിനായി വലിയ ജനകീയമുന്നേറ്റം സംഘടിപ്പിക്കുമെന്ന് രാജശേഖരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: