ന്യൂയോര്‍ക്ക്: ബോസ്റ്റണ്‍ മാരത്തണനിടെയുണ്ടായ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരുതപ്പെടുന്ന ചെചെന്‍ ഭീകരന് സോഖര്‍ സര്നേവിനെക്കുറിച്ച് കവര്‍ സ്റ്റോറി ചെയ്ത അമേരിക്കന്‍ മാഗസിന് വിവാദത്തില്‍. ന്യൂയോര്‍ക്ക് ആസ്ഥാനമാക്കിയ റോളിങ് സ്റ്റോണാണ് കുടുക്കില്‍ പ്പെട്ടത്. ഏകദേശം പത്തുലക്ഷത്തിലേറെ വായനക്കാരുള്ള മാഗസിന് വില്‍പ്പനയ്ക്ക് എടുക്കില്ലെന്നു മിക്ക വിതരണക്കാരും വ്യക്തമാക്കി. ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലും മാഗസിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്.
റോളിങ് സ്റ്റോണിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ ‘ദ ബോംബര്‍’ എന്ന തലക്കെട്ടിലാണ് കവര്‍ സ്റ്റോറി ചെയ്തിട്ടുള്ളത്.കോണ്‍ട്രിബ്യൂട്ടിങ് എഡിറ്റര്‍ ജെനറ്റ് റെയ്റ്റ്മാന്‍ സോഖറിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഇന്റര്‍വ്യൂ ചെയ്ത് രണ്ടുമാസം കൊണ്ടാണ് ലേഖനം തയാറാക്കിയത്. സോഖറിന്റെ സുന്ദരമൊരു ഫോട്ടോ മുഖചിത്രമാക്കിയിട്ടുമുണ്ട്.
ഈ പുറംചട്ട ഒരു ഭീകരരനെ പ്രസിദ്ധനായ ഒരു വ്യക്തിയായി ചിത്രീകരിച്ചിരിക്കുന്ന എന്നതാണ് പ്രധാന ആരോപണം. സോഖറിനെ സാംസ്കാരികതയുടെ പ്രതീകമായി മാറ്റിയിരിക്കുന്നുവെന്ന് മറ്റുചിലര്‍. നിര്‍വികാരഭാവം സോഖറിന് എഴുപതുകളിലെ ഒരു സാംസ്കാരിക അവശിഷ്ടത്തിന്റെ പ്രൗഢി നല്‍കുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ചെചെന്‍ ഭീകരനെതിരായ ആരോപണങ്ങളെ ലേഖനം ലളിതവത്കരിക്കുക മാത്രമല്ല ചിലപ്പോഴൊക്കെ മഹത്വവത്കരിക്കുകയും ചെയ്യുന്നെന്ന് മറ്റൊരുകൂട്ടരുടെ നിരീക്ഷണം. അതേസമയം, തങ്ങള്‍ മാധ്യമ ധര്‍മത്തിനു വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു റോളിങ് സ്റ്റോണിന്റെ പത്രാധിപ സമിതിയുടെ വിശദീകരിക്കുന്നു. ഗൗരവമേറിയതും ചിന്തോദ്ദീപകവുമായ റിപ്പോര്‍ട്ടിങ് മാത്രമായിരുന്നു ഉദ്ദേശമെന്നവര്.
ന്യൂയോര്‍ക്ക് ടൈംസോ ന്യൂസ് വീക്കോ പോലുള്ള വമ്പന്മാര് ഇങ്ങനെ ചെയ്തെങ്കില്‍ ആരും വിമര്ശിക്കില്ലായിരുന്നെന്നും റോളിങ് സ്റ്റോണ്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: