മോസ്കോ: റഷ്യയില്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ സാമൂഹിക- രാഷ്ട്രീയ പ്രവര്ത്തകന് അലക്സി നവാള്‍നിയെ പണാപഹരണ കേസില്‍ അഞ്ചുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. പുടിന്റെ പ്രതികാര നടപടിയെന്നു വിശേഷിക്കപ്പെട്ട കോടതി വിധിയെ തുടര്‍ന്ന് രാജ്യത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി.
2009ല്‍ കിറോവ് പ്രവിശ്യാ ഗവര്‍ണറുടെ ഉപദേശകനായിരുന്ന കാലത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കിറോവ്ലസ് എന്ന മരകമ്പനിയില്‍ നിന്നും 500,000 ഡോളര്‍ വെട്ടിച്ച സംഘത്തിന് നേതൃത്വം നല്‍കിയെന്നായിരുന്നു നവാള്നിക്കെതിരായ കേസ്. കേസില്‍ നവാള്‍നിയുടെ കൂട്ടുപ്രതിയായ പൈറ്റ് ഒഫിറ്റ്സെറോവിനും നാലു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. ‘ ഒന്നും ചെയ്യാതെ വെറുതെയിരിക്കരുത്’ ശിക്ഷാവിധി വന്നയുടനെ നവാള്‍നി ട്വീറ്റ് ചെയ്തു.
2008ല്‍ സര്‍ക്കാരിന്റെ കീഴിലെ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്ന ബ്ലോഗ് ആരംഭിച്ചതോടെയാണ് അഭിഭാഷകന് കൂടിയായ നവാള്‍നി ജനശ്രദ്ധ നേടിയത്.
സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ അഴിമതിക്കെതിരെ തുടര്‍ച്ചയായി ശബ്ദമുയര്‍ത്തിയ നവാള്‍നി പുടിന്റെയും അദ്ദേഹത്തിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെയും കണ്ണിലെ കരടായി. 2011ലെ തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ വിരുദ്ധ പ്രകടനം നയിച്ച നവാള്‍നിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.
പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ഏറ്റവും ശതമാനംപേരുടെ പിന്തുണ ലഭിച്ചതും അദ്ദേഹത്തിനാണ്. മോസ്കോ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അടുത്തിടെ നവാള്‍നി പ്രഖ്യാപിക്കു കയും ചെയ്തിരുന്നു. ഇതിനിടെയാണ് പുടിന് സര്‍ക്കാര്‍ നവാള്നിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: