പാരീസ്: ഉറുഗ്വെയുടെ സൂപ്പര്‍ സ്ട്രൈക്കറും നപ്പോളി താരവുമായ എഡിസണ് കവാനിയെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പിഎസ്ജി സ്വന്തമാക്കി. ഫ്രഞ്ച് ലീഗിലെ റെക്കോര്‍ഡ് തുകക്കാണ് കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ സീരി എയിലെ ടോപ് സ്കോററായ കവാനിയെ നപ്പോളിയില്‍ നിന്ന് പിഎസ്ജി റാഞ്ചിയത്. ഖത്തറുകാരനായ നാസര്‍ അല്‍ ഖെലാഫിയുടെ ഉടമസ്ഥതയിലുള്ള ക്ലബാണ് ഏകദേശം 500 കോടി രൂപ മുടക്കി കവാനിയുമായി അഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചത്. സീരി എയില്‍ കഴിഞ്ഞ സീസണില്‍ 29 ഗോളുകളോടെ ടോപ് സ്കോററാണ് കവാനി. 2010 മുതല്‍ നപ്പോളിയുടെ താരമായ കവാനി സീരി എയില 104 മത്സരങ്ങളില്‍ നിന്ന് 78 ഗോളുകള്‍ നേടിയിട്ടുണ്ട്. കൂടാതെ 136 മത്സരങ്ങള്‍ക്കായി നപ്പോളിക്ക് വേണ്ടി ബൂട്ട് കെട്ടിയ കവാനി 102 ഗോളുകളാണ് സ്വന്തം പേരില്‍ കുറിച്ചത്.
അടുത്തിടെ ഫ്രഞ്ച് ടീം മൊണാക്കോ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡില്‍നിന്ന് കൊളംബിയന്‍ സൂപ്പര്‍താരം റഡമല്‍ ഫാല്ക്കോയൈ 452 കോടിരൂപക്ക് സ്വന്തമാക്കിയിരുന്നു. ഈ റെക്കോര്‍ഡാണ് കവാനി തിരുത്തിയത്. മാത്രമല്ല ക്ലബ് ട്രാന്‍സ്ഫര്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ തുകയ്ക്കാണ് കവാനിയെ പിഎസ്ജി സ്വന്തമാക്കിയിരിക്കുന്നത്.
2009-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയതാണ് ഏറ്റവും ഉയര്‍ന്ന തുക. 734 കോടിരൂപയ്ക്കാണ് റയല്‍ ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയിരുന്നത്. 2001-ല്‍ സിനദിന്‍ സിദാനെ 585 കോടിരൂപയ്ക്ക് ജുവന്റസില്‍ നിന്ന് റയല്‍ സ്വന്തമാക്കിയത് രണ്ടാമത്തെ ഏറ്റവും വലിയ കരാര്‍. 2009-ല്‍ എസി മിലാനില്‍ നിന്ന് റയലിലേക്ക് 525 കോടിരൂപയ്ക്ക് കാകയെ എത്തിച്ചതാണ് മൂന്നാമത്തെ കരാര്‍.
വമ്പന്‍ ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും റയല്‍ മാഡ്രിഡും കവാനിയെ നോട്ടമിട്ടിരുന്നു. എന്നാല്‍ പിഎസ്ജിക്കൊപ്പം ചേര്‍ന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്നതിനാല്‍ കവാനി ഫ്രാന്‍സ് തെരഞ്ഞെടുക്കുകയായിരുന്നു. ലോറന്റ് ബ്ലാങ്ക് പരിശീലിപ്പിക്കുന്ന ക്ലബില്‍ സ്വീഡിഷ് താരം സ്ലാട്ടന് ഇബ്രാഹിമോവിച്ചാകും കവാനിയുടെ സ്ട്രൈക്കര്‍ പങ്കാളി.
ഇംഗ്ലീഷ് ടീം ചെല്‍സിയുടെ താരമായ ഫ്ലോറന്റ് മലൂദ തുര്‍ക്കി ക്ലബായ ട്രബ്സന്സ്പോറിലേക്ക് കൂടുമാറി.
അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതിരോധനിര താരം മെയ്ക്കോണ്‍ സീരി എ ടീമായ റോമയിലേക്ക് കൂടുമാറി. ട്രാന്‍സ്ഫര്‍ ഫീ എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് മെയ്ക്കോണ്‍ ഇന്റമിലാനില് നിന്നും മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിയത്. എന്നാല്‍ പരിക്കും ഫോമില്ലായ്മയും കാരണം മെയ്ക്കോണിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ആകെ 11 മത്സരങ്ങളില്‍ മാത്രമാണ് മെയ്ക്കോണ്‍ സിറ്റിക്കായി കളിക്കാനിറങ്ങിയത്. മിക്കപ്പോഴും പകരക്കാരുടെ ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം.
സ്പാനിഷ് ടീം സെവിയയില്‍ നിന്ന് സ്ട്രൈക്കര്‍ അല്‍വാരോ നെഗ്രഡോയെ സ്വന്തമാക്കാനുള്ള അവസാന ശ്രമത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. 20 മില്ല്യണ്‍ പൗണ്ടാണ് നെഗ്രഡോക്കായി സിറ്റി നീക്കിവച്ചിട്ടുള്ളത്. സ്പാനിഷ് താരത്തെ എത്തിഹാദ് സ്റ്റേഡിയത്തില്‍ എത്തിക്കാനുള്ള നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയതായി മാഞ്ചസ്റ്റര്‍ സിറ്റി അധികൃതര്‍ സമ്മതിച്ചു. ഇരുപത്തേഴുകാരനായ നെഗ്രഡോ സ്പാനിഷ് സ്ട്രൈക്കര്‍ ജീസസ് നവാസിന് ഒപ്പമായിരിക്കും സിറ്റിയില്‍ പന്തു തട്ടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: