മാവേലിക്കര: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനും ജീവപര്യന്തം. തെക്കേക്കര പൊന്നേഴ പുത്തന്‍പുരയ്ക്കല്‍ പുണര്‍തം പ്രവീണ്‍കുമാര്‍ (ഉണ്ണിക്കുട്ടന്-28) വധക്കേസില്‍ ഒന്നും രണ്ടും പ്രതികളെയാണ് ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചത്.
ഒന്നാംപ്രതി വാത്തികുളം വലിയവിളയില്‍ കെന്നി (25), അച്ഛന് ബാലചന്ദ്രന് (58) എന്നിവര്‍ക്കാണ് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചത്. ഇതിനു പുറമെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് അഞ്ച് വര്‍ഷവും 10,000 രൂപ വീതവും, ദേഹോപദ്രവം ഏല്‍പ്പിച്ചതിന് രണ്ട് വര്‍ഷവും 7,500രൂപ വീതം പിഴയും, ഭീഷണിപ്പെടുത്തിയതിന് അഞ്ചുവര്‍ഷവും, തടഞ്ഞുനിര്‍ത്തിയതിന് ഒരു വര്‍ഷവും കഠിന തടവും ശിക്ഷിച്ച് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എം.ആര്.അനിത ഉത്തരവിട്ടു.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഒന്നാം പ്രതി കെന്നി 2010 ജൂണ്‍ 17നാണ് പോലീസില്‍ കീഴടങ്ങിയത്. ഇതിനുശേഷം ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ഈകാലാവധി ശിക്ഷാ കാലാവധിയായി പരിഗണിക്കും. പിഴത്തുകയില്‍ രണ്ടുലക്ഷം രൂപ മരിച്ച പ്രവീണിന്റെ ഭാര്യ പ്രീയയ്ക്കും 15,000 രൂപ പ്രതികളുടെ അക്രമത്തില്‍ പരിക്കേറ്റ കേസിലെ രണ്ടാം സാക്ഷി അനീഷിനും നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം അധികം തടവ് അനുഭവിക്കണം. കേസില്‍ പോലീസ് പിടിച്ചെടുത്ത രണ്ടു കാറുകളും ഒരു ബൈക്കും അപ്പീല്‍ കാലാവധിയ്ക്കു ശേഷം രജിസ്ട്രേഡ് ഉടമസ്ഥര്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
കേസില്‍ 45 സാക്ഷികളില്‍ നാലുപേരെ ഒഴിവാക്കുകയും രണ്ടുപേരെ അധികം ഉള്‍പ്പെടുത്തിയുമാണ് പ്രോസിക്യൂഷന് വിസ്തരിച്ചത്. ഇതില്‍ അഞ്ചുപേര്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. 12-ാം സാക്ഷി രണ്ടാംപ്രതി ബാലചന്ദ്രന്റെ സഹോദരി രുഗ്മിണി, ഒന്‍പതാം സാക്ഷി നാലാംപ്രതിയായിരുന്ന മുരളീധരന്റെ ഭാര്യ രാധാമണി, 16-ാം സാക്ഷി മുരളീധരന്റെ അയല്‍വാസി ശാന്ത, 39-ാം സാക്ഷി അഞ്ചാംപ്രതിയായിരുന്ന സഹീറിന്റെ സഹോദര് സിയാദ്, 17-ാം സാക്ഷി സഹീറിന്റെ പിതൃസഹോദരന് അബ്ദുള്‍ റഷീദ് എന്നിവരാണ് കൂറുമാറിയത്.
പ്രതിഭാഗത്തുനിന്നും ഒരു സാക്ഷിയെ വിസ്തരിച്ചിരുന്നു. 19 തൊണ്ടിമുതലുകളും 83 രേഖകളും കോടതി തെളിവായി സ്വീകരിച്ചു. കേസിലെ ഒന്നാം സാക്ഷി പ്രവീണിന്റെ സുഹൃത്ത് നിഷാന്ത്, രണ്ടാം സാക്ഷി അനീഷ്, മൂന്നാം സാക്ഷി പ്രവീണിന്റെ ഭാര്യ പ്രിയ എന്നിവരുടെ മൊഴികളാണ് നിര്‍ണായകമായത്. വിചാരണവേളയില്‍ ഒളിവില്‍ പോയ കേസിലെ മൂന്നാം പ്രതി കായംകുളം കൃഷ്ണപുരം കളത്തില്‍ വീട്ടില്‍ അപ്പുണ്ണി (23)യുടെ കേസ് ഇയാളെ പിടികൂടിയ ശേഷം കോടതി പ്രത്യേകമായി പരിഗണിക്കും.
2010 ജൂണ്‍ 15ന് വൈകിട്ട് 3.30നാണ് പ്രവീണിനെ വീടിനുമുന്നില്‍ ഭാര്യ പ്രിയക്ക് മുന്നിലിട്ട് ഗുണ്ടാസംഘം കുത്തികൊലപ്പെടുത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എം.രാജഗോപാലപിള്ള, അഡ്വ.ടി.എന്‍.സദാശിവന് നായര്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: