കാസര്‍കോട്: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ രണ്ട് കാസര്‍കോട്ടുകാരും. 24 ഇന്ത്യക്കാര്‍ സഞ്ചരിച്ച തുര്‍ക്കിഷ് കപ്പലാണ് കടല്‍ കൊള്ളക്കാര്‍ റാഞ്ചിയത്. ഉദുമ പാലക്കുന്നിലെ കെ.വി.നിലയത്തിലെ പരേതനായ കെ.വി.കണ്ണന്റെ മകന് വി.കെ.ബാബു (34), ചന്ദ്രഗിരി കീഴൂര്‍ നടക്കാവിലെ തോട്ടത്തില്‍ രാഘവന്റെ മകന് വസന്തകുമാര്‍ (36) എന്നിവരാണ് കപ്പലില്‍ ഉള്ളത്.
പശ്ചിമ ആഫ്രിക്കന്‍ തീരത്തുവെച്ചാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന എം.വി.കോട്ടണ്‍ എന്ന കപ്പല്‍ റാഞ്ചിയത്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ കപ്പലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു. കപ്പല്‍ റാഞ്ചിയതാണെന്ന് കേന്ദ്രഷിപ്പിംഗ് ഡയറക്ടര്‍ സ്ഥിരീകരിച്ചു. ഗള്‍ഫ് ഓഫ് ഗയാനയില്‍ നങ്കൂരമിടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കപ്പല്‍ റാഞ്ചിയത്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘വി’ ഷിപ്പ് എന്ന കമ്പനി റിക്രൂട്ട് ചെയ്ത ജീവനക്കാരാണ് വസന്തകുമാറും ബാബുവും.
ചൊവ്വാഴ്ച 11 മണിയോടെയാണ് ഇരുവരുടേയും കുടുംബങ്ങളെ കൊച്ചി ഓഫീസില്‍ നിന്നും വിവരം അറിയിക്കുന്നത്. വാര്‍ത്ത അറിഞ്ഞതുമുതല്‍ പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ഇരു കുടുംബങ്ങളും. പത്ത് വര്‍ഷമായി കപ്പലില്‍ ജോലി ചെയ്യുന്ന വസന്തകുമാര്‍ തുര്‍ക്കിഷ് കപ്പലില്‍ കയറിയിട്ട് 7 മാസമായി. അവസാനമായി 8-ാം തീയ്യതിയാണ് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചത്.
13 വര്‍ഷമായി കപ്പല്‍ ജീവനക്കാരനായ ബാബു പുതിയ കമ്പനിയില്‍ പ്രവേശിച്ചത് കഴിഞ്ഞ ഏപ്രില്‍ 20നായിരുന്നു. പത്താം തീയ്യതി വരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഒരുവിവരവും ലഭിച്ചിരുന്നില്ല. അതിനുപിന്നാലെയാണ് ചൊവ്വാഴ്ച 10 മണിയോടെ കൊച്ചിയില്‍ നിന്നും ഫോണ്‍ സന്ദേശം കുടുംബത്തിന് ലഭിക്കുന്നത്. കപ്പല്‍ ജീവനക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കപ്പല്‍ കമ്പനി അറിയിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
കപ്പല്‍ ദുരന്തം ഇതിനുമുന്‍പും കാസര്‍കോട്ടുകാര്‍ക്ക് കണ്ണീര് സമ്മാനിച്ചിരുന്നു. ഇതിനുമുന്‍പ് കാസര്‍കോട് ജില്ലക്കാരായ മൂന്ന് പേരാണ് കപ്പല്‍ ദുരന്തത്തില്‍ അകപ്പെട്ടത്. കഴിഞ്ഞ നവംബറില്‍ കേന്ദ്രമന്ത്രി ശരത്പവാറിന്റെ ബിനാമി ഉടമസ്ഥതയിലുള്ള കൃഷ്ണകാവേരി എന്ന കപ്പല്‍ ചെന്നൈയില്‍ നീലം ചുഴലിക്കൊടുങ്കാറ്റില്‍ പെട്ടുണ്ടായ അപകടത്തില്‍ ഉദുമ കാപ്പില്‍ ചന്ദ്രശേഖരന്റെ മകന് കൃഷ്ണചന്ദ്രന്, കാസര്‍കോട് താമസിക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ ജോമോന് എന്നിവര്‍ അപകടത്തില്‍ മരണപ്പെടുകയായിരുന്നു.
കാസര്‍കോട് കുട്ലുവിലെ നാഗേഷ് ചെട്ടിയാറിന്റെ മകന് പ്രദീപ്രാജിനെ കപ്പലില്‍ നിന്നും കാണാതായിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. 2009 ഏപ്രില്‍ 30നാണ് കാണാതായ വിവരം പ്രദീപ്രാജിന്റെ പിതാവ് നാഗേഷ് ചെട്ടിയാര്‍ക്ക് ലഭിക്കുന്നത്. പ്രദീപ്രാജിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭം നടത്തുകയാണ്.
കെ.സുജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: