നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. എമറൈറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായില്‍നിന്നും വിമാനത്താവളത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരനില്‍നിന്നുമാണ് അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണ്ണവും യുഎഇ ദിര്‍ഹവും പിടികൂടിയത്.
56 ലക്ഷം രൂപ വിലവരുന്ന 2 കിലോ സ്വര്‍ണ്ണവും ഇന്ത്യയില്‍ 370000 രൂപ വിലവരുന്ന യുഎഇ ദര്‍ഹവുമാണ് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിക്കൂടിയത്. സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ ഇന്ത്യയില്‍ കൂടുതലായതുമൂലം കേരളത്തിലേക്കു വരുന്ന സാധാരണക്കാരായ യാത്രക്കാര്‍ക്ക് വിമാനടിക്കറ്റും മറ്റും വാഗ്ദാനം ചെയ്ത് സ്വര്‍ണ്ണം അനധികൃതമായി കൊണ്ടുവരുന്ന സംഘം സജീവമായതുമൂലം കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇന്നലെ രാവിലെ 9.30ന് ദുബായില്‍നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇകെ 0530 എമറൈറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശി മന്കേരി മുഹമ്മദ് സാഹീന്‍ പറമ്പത്തിന്റെ ഷൂസില്നിന്നുമാണ് 2 കിലോ സ്വര്‍ണ്ണകട്ടിയും 2500 യുഎഇ ദര്ഹവും പിടികൂടിയത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങുവാന്‍ ഇയാള്‍ ഒരുങ്ങവേ നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഷൂസിന്റെ ഉള്ളില്‍ പ്രത്യേകം പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് രണ്ടു കിലോ സ്വര്‍ണ്ണകട്ടി കണ്ടത്.
കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് പ്രത്യേക കവറിലാക്കിയാണ് കാലില്‍ ഇട്ടിരുന്ന ഷൂസില്‍ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. ഇതിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 58,00,000 രൂപ വില വരും. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തുനിന്നും അനധികൃതമായി കൊണ്ടു വന്ന 10 കിലോയിലധികം സ്വര്‍ണ്ണം വിമാനത്താവള കസ്റ്റംസ് വിജിലന്‍സ് വിഭാഗം പിടികൂടിയിട്ടുണ്ട്. അടുത്ത കാലങ്ങളായി വിദേശത്തുനിന്നും കൊച്ചി വിമാനത്താവളം വഴി അനധികൃതമായി സാധനങ്ങള്‍ കൊണ്ടുവരുന്നത് സജീവമായിട്ടുണ്ട്. കഴിഞ്ഞ 10ന് രാത്രി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വന്ന യാത്രക്കാരന്റെ പക്കല്‍നിന്നും ആറുലക്ഷത്തോളം രൂപ വിലവരുന്ന 45 മൊബെയില്‍ഫോണും ഒരു ടാബിള്റ്റും പിടികൂടിയിരുന്നു. ചൈനയില്‍നിന്നും കൊളംബോ വഴിയാണ് അനധികൃതമായി മൊബെയില്‍ ഫോണ്‍ കടത്താന്‍ ശ്രമിച്ചത്. വിലകൂടിയ സാംസങ്ങ് മൊബെയിലുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുമ്പോള്‍ ഒരു മൊബെയിലിന് 2000 രൂപവരെ ലാഭം ലഭിക്കും. ഇതാണ് ചൈനയില്‍നിന്നും മറ്റും മൊബെയില്‍ കൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ 11ന് ദുബായില്‍നിന്നും എമറൈറ്റ്സ് എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങളിയായി വന്ന രണ്ട് യാത്രക്കാരില്‍നിന്നും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 82 ലക്ഷത്തോളം വിലവരുന്ന 3 കിലോ സ്വര്‍ണ്ണം പിടികൂടിയിരുന്നു. പിടിയിലായ കാസര്‍കോഡ് മങ്കേരി സെയ്തുമുഹമ്മദ് ജംസീര്, കോപ്പാല്‍ അബ്ബാസ് അബ്ദുള്‍ റഫ് എന്നിവര്‍ അനധികൃതമായി സ്വര്‍ണ്ണവും കുങ്കുമമ്പും കൊണ്ടുവരുന്ന സംഘത്തില്‍ പെട്ടവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്, അസി. കമ്മീഷണര്‍മാരായ ഡോ. എസ്. അനില്‍കുമാര്‍, അമിത് ശര്‍മ്മ, സൂപ്രണ്ടുമാരായ വി. എ. മൊയ്തീന് നൈന, കെ. വി. രാജന്, അനില്‍ ബാബു, എ. എക്സ്. വിന്‍സെന്റ്, വി. ശശികുമാര്‍, സി. ആര്. വിജയ്, ഓഫീസര്‍മാരായ കെ. ശ്രീകുമാര്‍, വികാസ് ചഞ്ചല്‍, ഡാനീഷ് അഹാ, വിനു ഗ്രേഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണക്കട്ടി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: