ന്യൂദല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറെ ഇന്ത്യന്‍ വ്യോമസേന ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നീക്കി. രാജ്യത്തിനെ സേവിക്കുന്നതിനായി യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ സച്ചിന് പരാജയപ്പെട്ടുവെന്നാണ് വ്യോമസേന നല്കുന്ന വിശദീകരണം.
ക്രിക്കറ്റില്‍ നല്കിയ മികച്ച സംഭാവനകളും രാജ്യത്തിന് നല്കിയ സേവനങ്ങളുടേയും പേരിലാണ് 2011ല്‍ വ്യോമസേന സച്ചിനെ ഗ്രൂപ്പ് ക്യാപ്റ്റനായും ബ്രാന്‍ഡ് അംബാസഡറായും നിയമിച്ചത്. ഇതില്‍ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നുമാണ് സച്ചിനെ മാറ്റിയത്. ഇതേത്തുടര്‍ന്ന് സച്ചിനുമായുള്ള പരസ്യ ചിത്രങ്ങള്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് അവസാനിപ്പിച്ചു. ഇതിനു പകരം ഇന്ത്യന്‍ എയര്‍ ഫോഴ്സ് പുതുതായി സ്വന്തമാക്കാന്‍ പോകുന്ന പൈലാട്രസ് എന്ന അടിസ്ഥാന ട്രെയിനിങ് വിമാനത്തിന്റെ ചിത്രങ്ങളാകും യുവാക്കളെ സേനയിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നതിനായി ഉപയോഗിക്കുക.
75 പൈലാട്രസ് വിമാനങ്ങളാണ് സ്വിറ്റ്സര്‍ലണ്ടില്‍ നിന്നും ഇന്ത്യന്‍ വ്യോമസേന വാങ്ങുന്നത്. ഇതില്‍ പതിനാല് എണ്ണം ഇന്ത്യയിലെത്തിക്കഴിഞ്ഞു. അടുത്തയാഴ്ച ഹൈദ്രാബാദില്‍ ഈ വിമാനം ഉപയോഗിച്ചുള്ള പരിശീലനം സൈനികര്‍ ആരംഭിക്കും. കായികരംഗത്ത് നിന്ന് എയര്‍ ഫോഴ്സിലെത്തുന്ന ആദ്യ താരം കൂടിയായിരുന്നു സച്ചിന്. വൈമാനിക രംഗത്ത് വൈദഗ്ധ്യം ഇല്ലാത്ത ഒരു സാധാരണക്കാരന് ആദ്യമായാണ് ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പോലെയുള്ള വലിയൊരു പദവിയിലേക്ക് എത്തിയതും ആദ്യമായിട്ടായിരുന്നു.
“എന്നെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം യുവാക്കളെ സേനയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുക എന്നതാണ്. അതിന് പരമാവധി ഞാന്‍ ചെയ്യും” എന്നായിരുന്നു ബ്രാന്‍ഡ് അംബാസഡര്‍ പദവി ഏറ്റെടുത്തുകൊണ്ട് സച്ചിന് അന്ന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: