തിരുവനന്തപുരം : നിരാലംബയും ക്യാന്‍സര്‍ രോഗബാധിതയുമായ തിരുവനന്തപുരം കാലടി നിവാസില്‍ മിനിയുടെ ജീവിത ദുരിതങ്ങള്‍ക്ക് പരിഹാരവുമായി സേവാഭാരതി. ഇവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതം കണ്ടറിഞ്ഞ സേവാഭാരതി പ്രവര്‍ത്തകര്‍ സഹായ ഹസ്തവുമായി എത്തുകയായിരുന്നു.
കരകൗശല വസ്തു നിര്‍മ്മാണ ജോലിയിലേര്‍പ്പെട്ടിരുന്ന ഭര്‍ത്താവ് സത്യന് പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് തൈയ്റോയ്ഡ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. അതിനുശേഷം കൂലിപ്പണിയെടുത്താണ് ഏകമകന് സജിത്തിനെ വളര്‍ത്തിയത് വാടകവീട്ടിലായിരുന്നു താമസം വിധിയുടെ ക്രൂര വിനോദമെന്നപോലെ ഭര്‍ത്താവ് സത്യനെ ബാധിച്ച അതേ രോഗം മിനിയേയും പിടികൂടി. അതിനിടെ ഏക ആശ്രയമായിരുന്ന അമ്മ അംബികയുടെ ആകസ്മിക മരണവും കൂടിയായപ്പോള്‍ മിനി മാനസികമായും ഏറെ തളര്‍ന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി തിരുവനന്തപുരം ആര്‍സിസിയില്‍ ഡോ. പ്രദീപിന്റെ കീഴില്‍ തൈറോയ്ഡ് ക്യാന്‍സറിനുള്ള ചികിത്സയിലാണ് മിനി.
രോഗബാധിതയായ ശേഷം പണിയെടുക്കുവാന്‍ കഴിയാതെ വന്നതിനാല്‍ വരുമാന മാര്‍ഗ്ഗം നിലച്ചു. ഇതുകാരണം ജീവിതം ദുരിതപൂര്‍ണമാവുകയായിരുന്നു. ഇടതു സര്‍ക്കാരിന്റെ ഭരണകാലത്ത് സഹായത്തിന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടായിരം രൂപ അനുവദിച്ചു. ഇത് ഒരാഴ്ചയ്ക്കുള്ള മരുന്നിനുപോലും തികയുമായിരുന്നില്ല. തുടര്‍ന്നുള്ള പരിശ്രമത്തിന്റെ ഫലമായി കാലടി കോട്ടയില്‍ കരമനയാറിന്റെ കരയില്‍ പുറംപോക്കു ഭൂമിയില്‍ നിന്നും രണ്ടുസെന്റ് ഭൂമി വീടുവയ്ക്കുന്നതിനായി സര്‍ക്കാര്‍ മിനിയുടെ പേരില്‍ പതിച്ചു നല്കി. ഇവിടെ കൂടില്‍കെട്ടി താമസിച്ചുവരികയായിരുന്നു. നിത്യവൃത്തിക്കോ ചികിത്സാ ചെലവുകള്‍ക്കോ പണമില്ലാതെ ഏക മകന് പതിനൊന്നു വയസ്സുകാരന് സജിത്തിനോടൊപ്പം ചേര്‍ന്നൊലിക്കുന്ന കൂരയില്‍ ദയനീയാവസ്ഥയില്‍ കഴിഞ്ഞു വരികയായിരുന്നു.
മിനിയുടെ ദയനീയാവസ്ഥ കണ്ടറിഞ്ഞ് സേവാഭാരതിയുടെയും കോട്ടയ്ക്കകത്തുള്ള ശ്രീ പത്മനാഭ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും പ്രവര്‍ത്തകര്‍ സഹായ ഹസ്തവുമായി മുന്നോട്ടുവന്നു. അഞ്ച് ലക്ഷം രൂപ മുടക്കി വീട് വച്ച് നല്‍കുകയും കൂടാതെ മിനിയുടെ ചികിത്സാ ചെലവും മകന്റെ പഠന ചിലവും ഇരു സംഘടനകളും ഏറ്റെടുത്തു.
ഇവര്‍ക്കായി നിര്‍മ്മിച്ച പുതിയ വീടിന്റെ താക്കോല്‍ദാന ചടങ്ങും ഗൃഹപ്രവേശനവും ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന് നിര്‍വ്വഹിച്ചു. വിഭാഗ് പ്രചാരക് വിനോദ് സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്, ജനറല്‍ സെക്രട്ടറി അഡ്വ. സുരേഷ്, ആര്‍എസ്എസ് വിഭാഗ് പ്രൗഢ പ്രമുഖ് വി. രവികുമാര്‍, നഗര്‍ സംഘചാലക് എം.എന്‍ സുബ്രഹ്മണ്യം നഗര്‍കാര്യവാഹ് സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: